വീടും സ്ഥാപനങ്ങളും ആരാധനാലയവും എല്ലാം ഒരു കെട്ടിടം; വിചിത്രമായി ഒരു പട്ടണം

International Life Style News

അലാസ്ക: പൊലീസ് സ്റ്റേഷന്‍, സൂപ്പര്‍മാര്‍ക്കറ്റ്, പോസ്റ്റ് ഓഫീസ് തുടങ്ങിയെല്ലാം താമസിക്കുന്ന കെട്ടിടത്തിനകത്തെന്ന അപൂർവതയുമായി ഒരു പട്ടണം. അലാസ്കയിലെ വൈറ്റിയർ എന്ന പട്ടണമാണ് കാഴ്ച്ചയിൽ ഒരു പഴയ ഹോട്ടല്‍ പോലെയിരിക്കുന്ന കെട്ടിടത്തിൽ നഗരത്തിലെ മിക്ക സ്ഥാപനങ്ങളും നടത്തുന്നത്.

തടാകത്തിന്റെ തീരത്തുള്ള ഈ ചെറിയ പട്ടണത്തിൽ ഏകദേശം 300 താമസക്കാർ മാത്രമേയുള്ളൂ. ഇവരിൽ ഏകദേശം എല്ലാവരും 14 നിലകളുള്ള ഒരു കെട്ടിടത്തിലാണ് കഴിയുന്നത്. ഇവിടെ താമസിക്കുന്ന ജെനെസ്സ ലോറന്‍സ് എന്ന യുവതി ടിക് ടോക്കില്‍ അവരുടെ പട്ടണത്തെ കുറിച്ചൊരു പോസ്റ്റിട്ടതിനെ തുടർന്നാണ് എല്ലാവരും ഈ വിചിത്ര നഗരത്തെക്കുറിച്ചറിയുന്നത്. ഒരു ഹൊറര്‍ സിനിമയുടെ ലൊക്കേഷന്‍ പോലെ തോന്നുമെങ്കിലും, ഇതൊരു ഊഷ്മളമായ ചെറുപട്ടണമാണ് എന്ന് തുടങ്ങുന്ന വീഡിയോ ഇതിനോടകം 14 ലക്ഷം പേര് കണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പട്ടണത്തിന്റെ 97% ഭൂമിയും അലാസ്ക റെയില്‍‌റോഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ വ്യക്തികള്‍ക്ക് അവിടെ ഭൂമി സ്വന്തമാക്കാനോ വീട് വെക്കണോ കഴിയില്ല. കെട്ടിടത്തിൽ താമസിക്കുന്ന ആളുകൾ ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ട എന്ന രീതിയിൽ എല്ലാ സൗകര്യങ്ങളും സ്ഥാപനങ്ങളും ഒരു കെട്ടിടത്തിലാക്കി നിർമിച്ചതാണിത്. പള്ളിയും സ്കൂളും ഒരു കെട്ടിടത്തിനകത്തുണ്ട്. ഇതിനു പുറമെ താമസക്കാർക്ക് കെട്ടിനിടത്തിനുള്ളിൽ തന്നെ കച്ചവടം നടത്താനുമാവും.

ബോട്ടിലൂടെയോ, 2.5 മൈല്‍ നീളത്തില്‍ കിടക്കുന്ന വണ്‍വേ തുരങ്കം വഴിയോ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. ഈ തുരങ്കം തന്നെ രാത്രി 10 മണിക്ക് അടയ്ക്കും. നഗരത്തിലെ ബാക്കിയുള്ളവര്‍ ടൗണിലെ ശീതയുദ്ധകാലത്ത് ഉണ്ടാക്കിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ വിറ്റിയര്‍ മാനറിലാണ് താമസിക്കുന്നത്.

വീഡിയോക്ക് ലഭിക്കുന്ന ആളുകളുടെ പ്രതികരണം കണ്ട് പട്ടണത്തിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആലോചനയിലാണ് ജെനെസ്സ.