കാരണം അറിയാതെ പിഞ്ചുകുഞ്ഞിന്റെ മരണം:നോറോ വൈറസ് പരിശോധ റിപ്പോര്‍ട്ട് കാത്ത് ആരോഗ്യവകുപ്പ്

Health Local News

മലപ്പുറം: നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി പിഞ്ചു കുഞ്ഞിന്റെ മരണത്തിലെ കാരണം കണ്ടെത്താന്‍ ആന്തരീകാവയവങ്ങളുടെ വിവിധ പരിശോധനാ റിപ്പോര്‍ട്ടുകള്‍ കാത്ത് ആരോഗ്യവകുപ്പ്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിന് പുറമെ നോറോ വൈറസ് പരിശോധനാ റിപ്പോര്‍ട്ടുമാണു ആരോഗ്യവകുപ്പു കാത്തിരിക്കുന്നത്.
ഈസ്റ്റ് കോഡൂര്‍ മൂഴിക്കല്‍ ശിഹാബിന്റെ മകള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ അഞ്ചുവയസ്സുകാരി ഫാത്തിമ റഫ്ഷിയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ടുമരണത്തിന് കീഴടങ്ങിയത്.
വയറുവേദനയൂം ഛര്‍ദയും പനിയും ഉണ്ടായിരുന്ന കുട്ടിയെ ആദ്യം താണിക്കല്‍ പി.എച്ച്.സിയിലും, പിന്നീട് മലപ്പുറം സഹകരണ ആശുപത്രിലും പിന്നീട് മലപ്പുറം താലൂക്കാശുപത്രിയിലേയും ഡേക്ടര്‍മാരെ കാണിച്ചിരുന്നു. തുടര്‍ന്നു കിഴക്കെത്തലയിലെ ഗ്ലോബല്‍ സെന്റററില്‍നിന്നും സ്കാനിങ് നടത്തിയെങ്കിലും പ്രശ്നങ്ങളുള്ളതായി ഒന്നും പറഞ്ഞിരുന്നില്ല.

വയറില്‍ ചെറിയ കുമിളകളുണ്ടായിരുന്നുവെന്നും എന്നാല്‍ പേടിക്കാനില്ലെന്നുമാണു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. തുടര്‍ന്നു വ്യാഴാഴ്ച്ച വെകിട്ടു ശക്തമായ വറുവേദന വന്നതോടെ കുഞ്ഞിനേയുംകൊണ്ടു പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അവസാനമായി കുട്ടി സ്‌കൂളിലേക്കുപോയിരുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ പനിയുണ്ടായിരുന്നെങ്കിലും സാധാരണ വൈറല്‍ പനിയാകുമെന്നായിരുന്നു വീട്ടുകാരും അധ്യാപകരും കരുതിയിരുന്നത്. മലപ്പുറം താലൂക്കാശുപത്രിയില്‍നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ടെന്നും ഇതിന് ശേഷമെ മരണ കാരണം വ്യക്തമാകൂവെന്നും മലപ്പുറം പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഫംകെട്ടിന്റെ സൂചനയുള്ളതായി കണ്ടെങ്കിലും ഇത് മരണത്തിന് കാരണമാകുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍ക്കു വ്യക്തതയില്ല. തുടര്‍ന്നാണു കുഞ്ഞിന് പനിയും, ഛര്‍ദിയും, വയറുവേദനയും ഉണ്ടായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കണ്ടതോടെ ഇവയുടെ വ്യക്തതക്കുവേണ്ടി മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജിനു കീഴിലുള്ള വിവിധ അസുഖങ്ങളുടെ ഫാറന്‍സിക് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.

നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.