തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നു

India News

ദില്ലി: കള്ളവോട്ടുകള്‍ തടയാൻ തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് പാർലമെന്റ് സമ്മേളനത്തിടെ ലോകസഭയിൽ ഈ കാര്യം സൂചിപ്പിച്ചത്.

തെരഞ്ഞെടുപ്പ് സമയത്തെ കള്ളവോട്ടുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് നിയമമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ആ​ഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള ശുപാർശകൾ കേന്ദ്രസര്‍ക്കാരിന് നൽകിയത്. ഇതിൽ ആധാര്‍ കാർഡുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നത് വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാകുമെന്ന് പറഞ്ഞിരുന്നു. ഇതിനു വേണ്ടി പ്രത്യേക നിയമം കേന്ദ്രം നിർമ്മിക്കണമെന്നും വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ കൊടുക്കുന്നത് നിരോധിക്കണമെന്നും ശുപാർശയിൽ പറഞ്ഞിരുന്നു.