കെ.ടി. മുസാദിഖ് മിസ്റ്റർ ഇന്ത്യ

India Keralam Local News Sports

മലപ്പുറം: 58-ാമത് സീനിയർ നാഷണൽ ബോഡിബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി കേരളത്തിലെ കെ.ടി. മുസാദിഖിനെ തിരഞ്ഞെടുത്തു. ഒന്നരലക്ഷം രൂപയും ട്രോഫിയുമാണ് മിസ്റ്റർ ഇന്ത്യക്കു ലഭിച്ച സമ്മാനം. ഇക്കഴിഞ്ഞ 10, 11 തീയതികളിൽ വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിൽ നടന്ന മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാനൂറിൽപരം മത്സരാർഥികൾ പങ്കെടുത്തു. ഉത്തർപ്രദേശിൽനിന്നുള്ള ദേവേന്ദ്രപാൽ റണ്ണർ അപ്പായും(50,000), കേരളത്തിലെ സി. നൗഫൽ, മോസ്റ്റ് മസ്കുലർ മാൻ(10,000) പുരസ്കാരവും നേടി.
പാലക്കാട് ജില്ലാ ബോഡിബിൽഡിംങ് അസോസിയേഷനും ജില്ലാ ഒളിംപിക് അസോസിയേഷനും പി.കെ. ദാസ് മെഡിക്കൽ കോളജും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വിവിധ കാറ്റഗറികളിലായി 20 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുത്ത കെ.ടി. മുസാദിഖിന് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ സമ്മാനം നേടിയവർക്ക് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ ഡോ. കൃഷ്ണകുമാർ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അഡ്വ. പ്രേംകുമാർ എം.എൽ.എ., പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി. രാജേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഡോ. ആർ.സി. കൃഷ്ണകുമാർ, ബബീഷ് റോയ്, ബാബു വി.ജി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനർ വി.വി. വേണുഗോപാൽ സ്വാഗതവും എം.ജെ. ജയകുമാർ നന്ദിയും രേഖപ്പെടുത്തി.

വുമണ്‍ ഫിസിക്കിൽ രേഷ്മ കെ(കേരളം), വുമണ്‍ ബോഡിബിൽഡിംങിൽ അർപ്പിത മൈത്രി(വെസ്റ്റ് ബംഗാൾ), മെൻ ഫിസിക്കിൽ കേരളത്തിലെ എ. അരുണ്‍, എം.എച്ച്. അനഫി എന്നിവരും ജേതാക്കളായി.