ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് ഏഴു വര്‍ഷം കഠിന തടവ്

Breaking Crime Local News

മഞ്ചേരി : ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി ശങ്കര്‍ കോവില്‍ തേവര്‍കുളം തിരുവള്ളൂര്‍തെരുവ് മഹേഷ് (36) നെയാണ് ജഡ്ജ് എം തുഷാര്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. 2014 ആഗസ്റ്റ് 18നാണ് കേസിന്നാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യ തിരികെ വരാത്തതിലുള്ള വിരോധം മൂലം ആനക്കയം ചെക്ക് പോസ്റ്റിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കത്തി കൊണ്ട് വയറില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 2014 ആഗസ്റ്റ് 20ന് പ്രതിയെ അറസ്റ്റ് ചെയ്ത മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ അശോകനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സി വാസു, സി ബാബു എന്നിവര്‍ 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 12 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത ഓളക്കല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോർട്ട് : ബഷീർ കല്ലായി