തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുത്

India News Politics

ഹൈദരാബാദ്: ജനുവരി മുതൽ തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുതെന്ന് ബി.ആർ.എസ് നേതാവ് കെ.കവിത. സൗജന്യ വൈദ്യുതി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും കവിത വ്യക്തമാക്കി. നിസാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കവിത.

200 യൂനിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പദ്ധതിക്ക് അപേക്ഷിക്കുന്നത് കാലതാമസം ഉണ്ടാകുന്നതിനാൽ ജനുവരി മുതലുള്ള ബില്ലുകൾ അടക്കേണ്ടതില്ലെന്ന് കവിത പറഞ്ഞു. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ജനങ്ങൾ വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ നൽകിയ മറ്റ് വാഗ്ദാനങ്ങൾ പാലിക്കുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും കവിത വ്യക്തമാക്കി.

ബി.ആർ.എസ് ഭരണത്തിൽ 44 ലക്ഷം ഗുണഭോക്താക്കൾ പ്രതിമാസം 2000 രൂപ വീതം പെൻഷൻ വാങ്ങുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്തതുപോലെ വർധിപ്പിച്ച 4000 രൂപ പെൻഷൻ പുതിയ സർക്കാർ നൽകണമെന്നും കവിത പറഞ്ഞു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഋതുബന്ധു തുക വരാൻ വൈകുന്നതിനെയും കവിത ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തു.