കേരള ഓട്ടോ കാശ്മീരിലെത്തി മൂന്ന് പേരുടെ സ്വപ്നവുമായി….

Food & Travel India Local News

മലപ്പുറം: കേരളത്തിൽ നിന്നും ഓടി തുടങ്ങിയ ഓട്ടോ രാജ്യത്തിന്റെ ഹൃദയഭൂമിയിലൂടെ കാശ്മീർ താഴ് വരയിലെത്തി. തണുത്ത കാറ്റും കോടമഞ്ഞും ഉച്ചവെയിലും പാതിരാമഞ്ഞും പിന്നിട്ട് ഇന്ത്യയുടെ വൈവിദ്ധ്യം തൊട്ടറിഞ്ഞാണ് മൂവർ സംഘം കേരള ടു കാശ്മീർ യാത്രയുടെ ഒരു പുറം പൂർത്തീകരിച്ചത്. തിരിച്ചുള്ള യാത്ര ഇന്ന് ആരംഭിക്കും. മലപ്പുറം ജില്ലാ അതിർത്തിയായ കൊടുമുടിയിൽ നിന്നാണ് കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ ഹരിശങ്കറു ,ശ്യാംപ്രസാദും മനുവും യാത്ര ആരംഭിച്ചത്. കർണാടക, തെലുങ്കാന,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിന്റെ ഓട്ടോ കാശ്മീരിലെത്തിയത്. ഇന്ത്യയുടെ ഭാഷയും വേഷവും വർണവും രുചിയുമെല്ലാം അടുത്തറിഞ് 9 ദിവസം കൊണ്ടാണ് കേരള ഓട്ടോ കശ്മീരിൽ ഓടിയെത്തിയത്. കിതപ്പറിയാതെ 3177 കിലോമീറ്ററാണ് മുച്ചക്ര വാഹനത്തിൽ മൂവർ സംഘം താണ്ടിയത്. പകലും രാത്രിയും ഒരു പോലെ യാത്ര ചെയ്തിരുന്ന സംഘം രാത്രിയിൽ ഏറെ വൈകിയാണ് വിശ്രമത്തിന് സമയം കണ്ടെത്തിയിരുന്നത്. സ്വയം പാചകം ചെയ്തുള്ള ഭക്ഷണവും സൗകര്യമുള്ള സ്ഥലങ്ങളിൽ ഔട്ടോ ഒതുക്കി ടെന്റ് കെട്ടിയുള്ള വിശ്രമവും. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ രാത്രിയിൽ റോഡരികിലെ വിശ്രമത്തിന് ചില പ്രയാസങ്ങൾ ഒഴിച്ചു നിർത്തിയാൽ യാത്രയിൽ ഒരു തടസ്സവും ഉണ്ടായില്ലെന്ന് മൂവരും പറയുന്നു. എക്സ്പ്രെസ്സ് ഹൈവേഗളിൽ ഓട്ടോക്ക് പ്രവേശനം ഇല്ലാത്തതിനാൽ സർവീസ് റോഡുകളാണ് ഇവർ ഉപയോഗിച്ചത്. ഇതുവരെ 12000 രൂപയുടെ ഇന്ധനമാണ് ഓട്ടോയിൽ നിറച്ചത്. കൂലിതൊഴിലാളികളായ മൂന്ന് പേരുടെയും സ്വപ്നമാണ് ഓട്ടോ കയറി കാശ്മീരിലെത്തിയത്. കേരള ഓട്ടോക്ക് കൈ കാണിച്ച് കുശലം പറയാൻ പലയിടത്തും മലയാളികളുമുണ്ടായിരുന്നു. ലഡാക്കായിരുന്നു ലക്ഷ്യമെങ്കിലും മഞ്ഞുവീഴ്ച്ചയും സുരക്ഷാപ്രശ്നവും കാരണം ഓട്ടോ കാശ്മീരിന്റെ അതിർത്തിയിൽ വെച്ചു തന്നെ തിരിക്കേണ്ടി വന്നു. ഇനി മണാലി വഴി നാട്ടിലേക്ക് മടങ്ങും. ഉത്സവാന്തരീക്ഷത്തിലാണ് കൊടുമുടിയിൽ നിന്നും ഇവരെ നാട്ടുകാർ യാത്രയാക്കിയത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും എം എസ് പി അസിസ്ന്റന്റ് കമാണ്ടൻ്റുമായ പി ഹബീബ്റഹ്മാനാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്.