ദില്ലിയിൽ കനത്ത മഴ; വിമാന സർവീസുകൾ നിർത്താനൊരുങ്ങുന്നു

India News

ദില്ലി: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മൂലം ദില്ലി വിമാനത്താവളത്തിന്റെ റണ്‍വേയിലുൾപ്പെടെ വെള്ളക്കെട്ടായതിനാൽ വിമാന സർവീസുകൾ നിർത്താനൊരുങ്ങുന്നു. അനുകൂലമല്ലാത്ത കാലാവസ്ഥയായതിനാൽ ജയ്‌പൂർ, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിലേക്ക് ഒരു അന്താരാഷ്ട്ര വിമാന സർവീസും നാല് ആഭ്യന്തര സർവീസുകളും ഇന്ന് തിരിച്ചുവിട്ടിരിക്കുകയാണ്.

നിലവിൽ ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് കൂടെ മഴ തുടരുകയും മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. 2003 ൽ ലഭിച്ച 1050 മിമി എന്ന റെക്കോർഡ് മഴയെ കടത്തിവെട്ടിയാണ് ഈ വട്ടം മഴ പെയ്യുന്നത്. ഇപ്പോൾ തന്നെ 1100 മിമി മഴ ഡൽഹിയിൽ പെയ്‌തെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഡൽഹിയിലെ ആർകെ പുരം, ദ്വാരക, മോത്തിബാഗ്, നോയിഡ എന്നീ പ്രദേശങ്ങളിൽ ഇപ്പോൾ വലിയ വെള്ളകെട്ടാണുള്ളത്. ഛത്തിസ്ഗഡ്, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.