ഡിസ്‌ക്കസ് ത്രോ ഇന്ത്യൻ താരത്തിന്റെ മെഡൽ അസാധുവാക്കി

India News Sports

ടോക്കിയോ പാരാലിമ്പിക്‌സിലെ ഡിസ്‌ക്കസ് ത്രോ എഫ്-52 വിഭാഗത്തിന്റെ മത്സരത്തിൽ ഇന്ത്യൻ താരം വിനോദ് കുമാർ നേടിയ വെങ്കല മെഡൽ അസാധുവാക്കി. ഏഷ്യന്‍ റെക്കോഡിനോളം മികച്ച പ്രകടനത്തിലൂടെ നേടിയ മെഡലാണ് മത്സരിച്ച വിഭാഗത്തിനേക്കാൾ മികച്ച ശാരീരിക ക്ഷമതയുണ്ടെന്ന പേരിൽ അസാധുവാക്കിയത്.

ഇന്നലെ നടന്ന മത്സരത്തിൽ സാങ്കേതിക പ്രശ്നം കാണിച്ചതോടെ മെഡൽ ദാനചടങ്ങ് പാരാലിമ്ബിക്‌സ് കമ്മിറ്റി നടത്തിയിരുന്നില്ല. ഇതിനു ശേഷം വിശദമായി നടത്തിയ പരിശോധനയിലാണ് സാങ്കേതികമായ പിഴവ് സംഭവിച്ചെന്ന് മനസിലാക്കി നേട്ടം അസാധുവാക്കിയത്. 19.91 മീറ്റര്‍ എറിഞ്ഞ് പുതിയ ഏഷ്യന്‍ റെക്കോർഡ് കരസ്ഥമാക്കിയായിരുന്നു വിനോദ് കുമാർ വെങ്കലം നേടിയത്.

ശരീരത്തിലെ മസിലുകളുടെ ബലത്തെ അടിസ്ഥാനമാക്കിയാണ് ശാരീരിക അവശത കണക്കാക്കാറുള്ളത്. കാൽമുട്ടിനുള്ള പ്രശ്നം, കാലിനുള്ള നീളക്കുറവ്, ശരീരമൊന്നാകെ ചലിപ്പിക്കുവാനുള്ള കഴിവ്, ഇരുന്നു പ്രവർത്തിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന ബലക്കുറവ് തുടങ്ങിയവയെല്ലാം എഫ്-52 എന്ന വിഭാഗത്തിൽ പരിഗണിക്കും. കഴുത്തിലെ എല്ലിന് ക്ഷതമുള്ളവരെയോ, നട്ടെല്ലിന് ക്ഷതം സംഭവിച്ചവരെയോ, കാലുകൾ മുറിച്ചു മാറ്റിയതിനാൽ ശരീരത്തിന് സന്തുലന കുറവുള്ളവരോ, ഞരമ്പുമായോ നാഡീസംബന്ധമായ പ്രശനങ്ങൾ ഉള്ളവരോ ആണ് സാധാരണ ഈ വിഭാഗത്തിൽ മത്സരിക്കാറുള്ളത്. പക്ഷെ വിനോദിന് ഈ വിഭാഗത്തിൽ നിശ്ചയിച്ചതിലും കൂടുതൽ ശാരീരിക ക്ഷമതയുണ്ടെന്ന് കാണിച്ച് മറ്റു മത്സരാർത്ഥികൾ പരാതി നൽകുകയായിരുന്നു.