ഷൂട്ടിങ്ങിൽ അവനിലേഖരയിലൂടെ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വർണം

India News Sports

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യത്തെ സ്വർണം നേടിക്കൊടുത്തത് അവനിലേഖര. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഈ പത്തൊമ്പതുകാരി സ്വർണമെഡൽ നേടി രാജ്യത്തിന് അഭിമാനമായത്. 249.6 എന്ന ലോക റെക്കോർഡ് ഇട്ടുകൊണ്ടാണ് ഈ ചരിത്ര വിജയം. ഇത് കൂടാതെ ഇന്ത്യൻ പാരാലിംപിക്‌സ് ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ വനിതാകൂടിയാണ് അവനിലേഖര. തന്റെ ആദ്യത്തെ പാരാലിംപിക്‌സിലാണ് ഈ മിന്നും വിജയം താരം നേടിയത്.

ഫൈനലിൽ യോഗ്യത നേടുമ്പോൾ ഏഴാം സ്ഥാനത്തായിരുന്നു അവനിലേഖര. അവിടെ നിന്നും ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. ചൈനയുടെ കൾപിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്‌കീട്ടെനിക്കിനെയും തോൽപ്പിച്ചാണ് സ്വർണത്തിലേക്കെത്തിയത്.

ഇതിനിടെ പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയിൽ F56 വിഭാഗത്തിൽ ഇന്ത്യയുടെ യോഗേഷ് ഖാത്തൂണിയ വെള്ളിയും കരസ്ഥമാക്കി. 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഖാത്തൂണിയ വെള്ളിമെഡൽ സ്വന്തമാക്കിയത്. ഇതോടെ ഒരു സ്വർണവും മൂന്നു വെള്ളിയുമടക്കം നാല് മെഡലുകളാണ് ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.