അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർ; പ്രധാനമന്ത്രി ഇന്ന് വീണ്ടും യോഗം വിളിച്ചു

India International News

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും യോഗം വിളിച്ചു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമാണ് പ്രധാനമായും ചർച്ച ചെയ്യുക. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും അമിത് ഷായും ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണും.

ഇതുവരെ 170 പേരെ മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്നും നാട്ടിലേക്ക് എത്തിച്ചത്. ഇനി എത്ര ഇന്ത്യക്കാർ അവിടെ ഉണ്ട് എന്നതിന് കൃത്യമായ കണക്ക് സർക്കാർ ഇതുവരെ നൽകിയിട്ടുമില്ല. കൂടുതൽ ആളുകളെ നാട്ടിൽ എത്തിക്കാനുള്ള കാര്യത്തിൽ രണ്ട് ദിവസം കൊണ്ട് വ്യക്തത വരുത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. രാജ്യത്തിൻറെ പലഭാഗങ്ങളിലായി കുടുങ്ങി പോയവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവരാനുള്ള മാർഗത്തെ കുറിച്ചും കേന്ദ്രം ചർച്ച നടത്തുകയാണ്. മറ്റു ജനാധിപത്യരാജ്യങ്ങളോട് കൂടി ആലോചിച്ച ശേഷമേ താലിബാനോടുള്ള ഇന്ത്യയുടെ സമീപനം തീരുമാനിക്കൂവെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.

എന്നാൽ ഇന്ത്യയുടെ അംബാസഡർ അടക്കമുള്ളവരെ വിമാനത്താവളത്തിലേക്ക് താലിബാൻ പോകാൻ അനുവദിക്കാത്തത് ചെറിയ ആശങ്ക ഉണ്ടാക്കിയിരുന്നു. പക്ഷെ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. അവിടെ അകപ്പെട്ട മറ്റു ഇന്ത്യക്കാറീ രക്ഷിക്കാനും വിദേശ ഏജൻസികൾ സഹായം നൽകുമെന്നും കേന്ദ്രം പ്രതീക്ഷ വെയ്ക്കുന്നുണ്ട്. വിമാനത്താവളത്തിൻറെ സുരക്ഷ ഉറപ്പുവരുത്താനായി അമേരിക്ക പിന്നെയും സൈനികരെ എത്തിച്ചതിനാൽ വിമാനസർവ്വീസുകൾ രണ്ടു ദിവസം കൊണ്ട് പുനസ്ഥാപിക്കുമെന്നാണ് വിചാരിക്കുന്നത്.