ഹിമാചൽ പ്രദേശ് മണ്ണിടിച്ചിലിൽ മരണം 13 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

India News

ഷിംല: ഹിമാചല്‍ പ്രദേശിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ആളുകളുടെ എണ്ണം പതിമൂന്നായെന്ന് ഇ​ന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്​. ഇതിനിടെ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതുകൊണ്ട് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ രാത്രി തെരച്ചിൽ തുടരാനാവില്ലെന്ന് ഐ.ടി.ബി.പി ഡെപ്യൂട്ടി കമാന്‍ഡന്‍റ്​ ധര്‍മേന്ദ്ര ഠാക്കൂര്‍ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ പുലര്‍ച്ചെ 3.30ന്​ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.

കിന്നൗർ ജില്ലയിലെ ദേശീയപാതയിലാണ് ഇന്നലെ ഉച്ചയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. ഹിമാചല്‍ റോഡ്​ ട്രാന്‍സ്​പോര്‍ട്ട്​ കോര്‍പറേഷ​ന്റെ ബസും ട്രാക്കറുമടക്കം നിരവധി വാഹനങ്ങളും യാത്രക്കാരും മണ്ണിനടിയിൽ അകപ്പെട്ടിരുന്നു.ബസിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള പതിനൊന്നു ആളുകളെ മാത്രമേ ഇതുവരെ രക്ഷപ്പെടുത്താനായിട്ടുള്ളു. എത്ര പേർ കൃത്യമായി ബസിലുണ്ടായിരുന്നെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നാൽപതു പേരെങ്കിലും കാണുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ഏതാണ്ട് അറുപതോളം ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിരിക്കാമെന്നാണ് ഹിമാചല്‍ മുഖ്യമന്ത്രി ജയ്​ റാം ഠാകുര്‍ നിയമസഭയിൽ പറഞ്ഞത്. അപകടത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്തോ-തിബത്തന്‍ പൊലീസ്​, ദേശീയ ദുരന്തനിവാരണ സേന, സി.ഐ.എസ്​.എഫ്, പൊലീസ് എന്നിവരാണ് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.