പെഗാസസ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക നിർദേശങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

India News

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പശ്ചാത്തലത്തിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക മാർഗ നിർദേശങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണില്‍ ആരുമായും തര്‍ക്കിക്കരുതെന്നും മോശമായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും തുടങ്ങി വിവിധ തരത്തിലുള്ള നിർദേശങ്ങൾ സംസ്ഥാന പൊതുഭരണ വകുപ്പ് ഇറക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോൾ സൗമ്യമായി സംസാരിക്കുക, ആരുമായും തർക്കിക്കാതിരിക്കുക, മോശമായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക, ഔദ്യോഗികപരമായ സന്ദേശങ്ങൾ കൈമാറാൻ ടെക്സ്റ്റ് മെസ്സേജോ ലാന്‍ഡ് ഫോണുകളോ തിരഞ്ഞെടുക്കുക തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ.

ജോലിപരമായ ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോൾ കൈകാര്യം ചെയ്യുന്ന ഭാഷയും സമയവും ശ്രദ്ധിക്കണമെന്നും മേൽ ഉദ്യോഗസ്ഥർ ഫോൺ വിളിച്ചാൽ ഏത് ഫോണിലെങ്കിലും അത് നിർത്തിവെച്ച് അപ്പോൾ തന്നെ തിരിച്ചു വിളിക്കണമെന്നും എടുത്തുപറയുന്നുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ കരിവാരിതേക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയതെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെയായി സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയിട്ടുണ്ടെന്ന കണ്ടെത്തലും ഇത്തരമൊരു മാർഗനിർദേശം പുറപ്പെടുവിക്കാൻ കാരണമായിട്ടുണ്ട്.