ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവതി; അന്വേക്ഷണം ആരംഭിച്ചു പോലീസ്

India News

ഗാസിയബാദ്: ഫ്ലാറ്റിൽ നിന്ന് യുവതി വീഴുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേക്ഷണം തുടങ്ങി. ഗാസിയബാദിലെ ക്രോസിങ്സ് റിപ്പബ്ലിക്ക് ഫ്ളാറ്റിലെ ഒൻപതാം നിലയിൽ നിന്ന് ഭർത്താവിന്റെ കൂടെ നിന്നിരുന്ന സ്ത്രീ പെട്ടെന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ കണ്ടാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.

വിഡിയോയിൽ കാണുന്നവരെ തിരിച്ചറിഞ്ഞെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചു നിൽക്കുകയായിരുന്ന യുവതി ശേഷം പിടിവിട്ട് താഴേക്ക് ചാടുന്നതാണ് വീഡിയോയിലുള്ളത്.

യുവതി വീണ ഉടനെ കൂടെയുണ്ടായിരുന്ന ഭർത്താവ് ഓടി താഴെയെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ യുവതിയെ ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ ഇപ്പോഴും അപകടനിലയിലാണ്.

കഴിഞ്ഞ രണ്ടു വർഷമായി ദമ്പതികൾ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അപകടത്തിന് മുൻപ് ഇവർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നുവെന്ന് അടുത്ത ഫ്ളാറ്റിലെ ആളുകൾ പറയുന്നുണ്ട്. എന്നാൽ വഴക്കുണ്ടായത് എന്തിന്റെ പേരിലാണെന്നോ, എങ്ങനെയാണ് യുവതി ചാടിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഭര്ത്താവ് ആശുപത്രിൽ ആയതിനാൽ നേരിട്ട് കാണാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

അപകടത്തെക്കുറിച്ചു ഭർത്താവോ സമീപവാസികളോ ഫ്ളാറ്റിലെ തൊഴിലാളികളോ പോലീസിൽ വിവരമറിയിച്ചിരുന്നില്ല. ഇത്തരത്തിൽ എന്തെങ്കിലും നടന്നാൽ ഉടനടി പോലീസിനെ അറിയിക്കണമെന്ന് അന്വേക്ഷണം നടത്തുന്ന വിജയ്നഗർ എസ്.എച്ച്.ഒ. മഹാവീർ സിങ് അവരോടു പറഞ്ഞിട്ടുണ്ട്.