ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു: കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോതി

India News

മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിച്ച് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദിപാന്‍കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബഞ്ചാണ് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്. ശശാങ്ക് പോസ്തുറെ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.

ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് മറ്റ് പങ്കാളികള്‍ക്ക് നല്‍കുകയും ഉപഭോക്താവിന് മേല്‍ ഉത്തരവാദിത്വം കെട്ടിവെക്കുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി. ഉപഭോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളര്‍ യുപിഐ സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.