സൗത്ത് ഇന്ത്യൻ ആന്തവുമായി നെറ്റ്ഫ്ലിക്സ്: മമ്മൂട്ടിയെയും മോഹൻലാലിനെയും വരികളിലാക്കി നീരജ് മാധവ്

Entertainment India News

സിനിമ മേഖലയെ തിയേറ്റർ റിലീസ് എന്നതിൽ നിന്നും ഒടിടി റിലീസിലേക്ക് മാറ്റിയിരിക്കുകയാണ് ഈ കോവിഡ് കാലഘട്ടം. തീയേറ്ററുകളെല്ലാം അടച്ചു കിടക്കുന്ന ഈ സാഹചര്യത്തിൽ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട് സ്റ്റാർ തുടങ്ങിയവ. ഇന്ന് ആളുകളിലേക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമ എത്തുന്നത്.

അങ്ങനെ പ്ലാറ്റ്‌ഫോമുകളിൽ മുന്നിൽ നിൽക്കുന്ന നെറ്റ്ഫ്ലിക്സ് ഒരു സൗത്ത് ഇന്ത്യൻ റാപ് ആന്തവുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘നമ്മ സ്റ്റോറീസ്’ എന്നാണ് റാപ് ആന്തത്തിന്റെ പേര്. തെന്നിന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് പ്രാദേശികമായ ഭാഷകളിലൂടെ കഥ പറയുന്നതാണ് ഈ ആന്തം.

നീരജ് മാധവാണ് ഈ റാപ് ആന്തത്തിൽ മലയാളികളെ പ്രതിനിധീകരിച്ച് എത്തുന്നത്. മോഹൻലാലും മമ്മൂട്ടിയും ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യവും നൂറു ശതമാനം സാക്ഷരതയും വള്ളംകളിയും കഥകളിയും റസൂൽ പൂക്കൂട്ടിയുടെ ഓസ്‌കാർ നേട്ടവുമൊക്കെയാണ് നീരജ് മാധവിന്റെ വരികളിൽ ഇടം പിടിക്കുന്നത്. ആന്തത്തിലെ മറ്റു പ്രതിനിധികൾ ഹനുമാൻ കൈൻഡ്, സിരി, അറിവ് എന്നിവരാണ്.

പ്രത്യേകമായ ട്വിറ്റർ ഹാൻഡിൽ ദക്ഷിണേന്ത്യയിലെ ആളുകളുമായി സംസാരിക്കാൻ ഉണ്ടാക്കിയതിന് പിന്നാലെയാണ് ഇതും. ഈ അന്തത്തെക്കുറിച്ചുള്ള ആദ്യ സൂചന നാർകോസിലെ പാബ്ലോ എസ്കോബാറിനെ മുണ്ടുടുപ്പിച്ച് കൊണ്ടായിരുന്നു. നാർകോസ് നെറ്റ്ഫ്ലിക്സിലെ പ്രധാന സീരീസുകളിൽ ഒന്നാണ്. പിന്നീട് പ്രാദേശിക ഭാഷകളെ കുറിച്ചുള്ള ട്വീറ്റും അവസാനം സൗത്ത് ഇന്ത്യൻ ആന്തവും പുറത്തിറക്കിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ഇനിമുതൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലുള്ള തദ്ദേശീയ കഥകൾ കാണാമെന്നാണ് ഈ ആന്തം സൂചിപ്പിക്കുന്നത്.