എസ്എസ്എല്‍സി പൊരുതി തോറ്റവരാണോ നിങ്ങള്‍: കൊടൈക്കനാലില്‍ രണ്ട് ദിവസത്തെ താമസവും ഭക്ഷണവും സൗജന്യം

Feature India News

എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം കൊടൈക്കനാലില്‍ രണ്ട് ദിവസത്തെ ഭക്ഷണവും താമസവും ഒരുക്കി മലയാളി. ഹാമോക്ക് ഹോംസ്‌റ്റേ സുധിയാണ് തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തില്‍ ഒരു അവസരം ഒരുക്കുന്നത്.

തോറ്റുപോയവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത് എന്ന തലക്കെട്ടോടെ സുധി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്ക് വച്ചത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷം എസ്എസ്എല്‍സി പൊരുതി തോറ്റവരാണോ നിങ്ങള്‍ നിങ്ങളെ സ്‌നേഹപൂര്‍വം കൊടൈക്കാനാലിലേക്ക് വിളിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഈ മാസം വരെ മാത്രമാണ് ഈ ഓഫര്‍. റിസള്‍ട്ടിന്റെ പ്രൂഫും കൊണ്ട് വന്നാല്‍മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ എന്നും അറിയിപ്പിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ വിളിച്ചു കഴിഞ്ഞു. വടകര സ്വദേശിയായ സുധി 15 വര്‍ഷമായി കൊടൈക്കനാലിലാണ് താമസിക്കുന്നത്.