സൂപ്പര്‍കപ്പ് ഫുട്‌ബോള്‍:വ്രതകാലത്തെ മത്സരങ്ങള്‍ പുന:ക്രമീകരിക്കണം: മുസ്‌ലിംലീഗ്

Entertainment Local News

മലപ്പുറം: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയംകൂടി വേദിയാവുകയാണ്. നിലവിലെ ക്രമപ്രകാരം ഏപ്രില്‍ 8 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. വൈകുന്നേരം 5നും രാത്രി 8.30നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. റംസാനിലെ ഏറ്റവും പവിത്രവും വിശ്വാസികളെ സംബന്ധിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ദിനരാത്രങ്ങളാണ് മത്സരവേളയായി വന്നിരിക്കുന്നതിനാല്‍ പ്രസ്തുത മത്സരങ്ങള്‍ പുന:ക്രമീകരിക്കുന്നതിന് അധികാരികള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ ഫുട്‌ബോള്‍ മത്സരങ്ങളോടുണ്ടാകുന്ന സ്വാഭാവികമായ അഭിനിവേശവും അണമുറിയാത്ത ആവേശവും വ്രതവേളയിലെ കൂടുതല്‍ പ്രതിഫലാര്‍ഹമായ ദിനങ്ങളെ കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് ആദ്യവാരംവരെ നടന്നിരുന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങളും ഇപ്രകാരം വ്രതശുദ്ധിക്ക് മങ്ങലേല്‍പ്പിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു.

ഫുട്‌ബോള്‍ ഭ്രമത്തിന് ദേശാന്തരതലത്തില്‍ തന്നെ പേരുകേട്ട മലപ്പുറത്ത് റംസാനിലെ അവസാന ദിനങ്ങളില്‍ നിശ്ചയിക്കപ്പട്ട മത്സരങ്ങള്‍ പുന:ക്രമീകരിച്ച് സംഘടിപ്പിക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
കലാ കായിക സാംസ്‌കാരിക പരിപാടികളെല്ലാം തന്നെ മാനവ ഐക്യത്തിനും നന്മക്കും വേണ്ടിയാണെന്ന അടിസ്ഥാന ധാരണയിസല്‍ നിന്നാണ് ഇത്തരമൊരു ആവശ്യം ശ്രദ്ധയില്‍പെടുത്തേണ്ടി വന്നിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ജില്ലയിലെ മുസ്‌ലിം ലീഗ് എം എൽ എമാർ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.