തുര്‍ക്കിയിലെ രാജ്യാന്തര യുവജന കോണ്‍ഫറന്‍സില്‍നേപ്പാളിനെ പ്രതിനിധീകരിച്ച് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി നദീം ആലം ഹുദവി

Education Keralam News

തിരൂരങ്ങാടി: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടക്കുന്ന രാജ്യാന്തര യുവജന കോണ്‍ഫറന്‍സില്‍ നേപ്പാളിനെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി നദീം ആലം ഹുദവി പങ്കെടുക്കും. ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് കോണ്‍ഫറന്‍സ്.
ലോകം നേരിടുന്ന സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുളള രാഷ്ട്രങ്ങളിലെ യുവാക്കളില്‍ നിന്നു തെരഞ്ഞെടുത്ത പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നത്.
തുര്‍ക്കിയിലെ നിയോടെറിക്കന്‍ എല്‍.എല്‍.സി എന്ന സംഘടനക്കു കീഴിലാണ് ഇസ്തംബൂള്‍ ഇന്റര്‍നാഷണല്‍ മോഡല്‍ യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷനറുടെയും സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ്.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പന്ത്രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ നദീം ആലം ഹുദവി നേപ്പാളിലെ സിറഹ ജില്ലയിലെ നവരാജ്പൂര്‍ സ്വദേശിയാണ്