മലപ്പുറം ഒളവട്ടൂര്‍ സ്‌കൂളില്‍നിന്നൊരു സന്തോഷ വാര്‍ത്ത..

Education Feature Keralam Local

മലപ്പുറം: പ്ലസ് ടു റിസള്‍ട്ടില്‍ മികച്ച വിജയം നേടിയ മലപ്പുറം ഒളവട്ടൂര്‍ എച്ച് ഐ ഒ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വ്യത്യസ്തമായ ഒരു വിജയ വാര്‍ത്ത, മലയാളം ഉപഭാഷയായി തെരഞ്ഞെടുത്ത ബീഹാര്‍ സ്വദേശി കാജല്‍ കുമാരി 200 ല്‍ 193 മാര്‍ക്ക് നേടി തിളക്കമേറിയ വിജയം കാഴ്ചവച്ചിരിക്കുന്നു.

ബീഹാറിലെ ദര്‍ഭംഗയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും കേരളത്തിലെ മലപ്പുറം ജില്ലയിലെത്തിയിട്ട് വര്‍ഷം കുറെയായി.പുളിക്കല്‍ ആലുങ്ങലില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്.അച്ഛന്‍ കോഴിക്കോട് ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി നോക്കുന്നു.അമ്മയോടൊപ്പം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിയും ഒരു കുഞ്ഞനിയനും ചേര്‍ന്ന സാധാരണ കുടുംബം. പഠനകാര്യങ്ങളില്‍ മിടുക്കിയായ ഇവളെ വ്യത്യസ്തയാക്കുന്നത് മലയാള ഭാഷയോടുള്ള സ്‌നേഹവും താത്പര്യവുമാണ്.

എസ്എസ്എല്‍സി ക്കുശേഷം കൊണ്ടോട്ടി ഒളവട്ടൂര്‍ എച്ച് ഐ ഒ എച്ച് എസ് എസ് ല്‍ പ്ലസ്ടു കോമേഴ്‌സ് ഗ്രൂപ്പ് എടുക്കുകയും സെക്കന്റ് ലാംഗ്വേജ് തന്റേടത്തോടെ മലയാളം തെരഞ്ഞെടുക്കുകയും ചെയ്തു.മലയാളിയായി ജനിച്ചിട്ടുപോലും മലയാളം പഠിക്കാനും എഴുതാനും വൈമുഖ്യം കാണിക്കുന്ന മലയാളികള്‍ക്ക് മാതൃകയാവുകയാണ് കാജല്‍കുമാരി. ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും ഈ വര്‍ഷം മികച്ച വിജയം നേടിയതോടൊപ്പം മലയാളത്തിന് എ പ്ലസ് വിജയം കൂടി ഈ മിടുക്കി കരഗത മാക്കിയിരിക്കുന്നു.മലയാളം മറക്കുന്ന മലയാളിക്ക് മുന്‍പില്‍ കാജല്‍ എന്നും തിളങ്ങുന്ന പ്രതീക്ഷയാവുന്നു.കേരളത്തില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി ഉന്നത നിലവാരമുള്ള അധ്യാപികയായി സ്വദേശത്തേക്ക് പോകാനാണ് കാജലിന്റെ ആഗ്രഹം.