തെരുവുനായ്ക്കളുടെ വിളയാട്ടം : പിഞ്ചു കുഞ്ഞിനടക്കം പത്തുപേര്‍ക്ക് പരിക്ക്

Local News

മഞ്ചേരി: പാണായി ഭാഗത്തും മുള്ളമ്പാറ നീലിപ്പറമ്പിലും തെരുവു നായ്ക്കളുടെ വിളയാട്ടം. ഒന്നര വയസ്സുകാരനടക്കം പത്തുപേര്‍ക്ക് പരിക്ക്. രണ്ടു വളര്‍ത്തു നായകള്‍ക്കും ആടിനും താറാവിനും കടിയേറ്റു. പാണായിയില്‍ വെച്ച് ചേനംകുളം മുനീറിന്റെ മകന്‍ ഫിസാന്‍ അഹമ്മദ് (മൂന്ന്), കെ.പി കോയാമിന്റെ ഭാര്യ സാജിദ (44), ചാലില്‍ ചിരട്ടപറമ്പന്‍ സൈനബ (70), ചിറക്കപറമ്പത്ത് ശിഹാബുദ്ധീന്‍ (39), ചാലില്‍ കിഴക്കേതലാപ്പില്‍ ഹാമിദ് ഫാസ (ഏഴ്), കൂരിമണ്ണില്‍ മേലേമണ്ണില്‍ ഹഫ്‌സത്ത് (50), പാണായി വെങ്ങാലൂര്‍ അരീക്കല്‍ പടിഞ്ഞാറേതില്‍ സുമംഗല (50), പേരമകന്‍ ധനവ് (ഒന്നര), കാടേരി റൈഹാനത്ത് (35) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 8.15 മുതല്‍ ഉച്ചക്ക് 1.10വരെ പാണായിയുടെ വിവിധ ഭാഗങ്ങളില്‍ നായയുടെ പരാക്രമം തുടര്‍ന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ ഫിസാന്‍ അഹമ്മദിനാണ് ആദ്യം കടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. എല്ലാവരേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റ വളര്‍ത്തു നായകള്‍ക്കും ആടിനും വാക്‌സിന്‍ നല്‍കി. ആനക്കയം പഞ്ചായത്ത് അധികൃതര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
മുള്ളമ്പാറ നീലിപ്പറമ്പിലെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന ബാലികക്ക് തെരുവുനായയുടെ കടിയേറ്റു. നീലിപ്പറമ്പ് ഏലായി സജ്‌നയുടെ മകളും മുള്ളമ്പാറ എ എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷെസാന (ഒമ്പത്) ക്കാണ് ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കടിയേറ്റത്. ഉടന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്തു. ഇവിടെ നിന്നും ഓടിയ നായ ഉള്ളാടംകുന്ന് ഭാഗത്തു വെച്ചാണ് താറാവിനെ കടിച്ചത്. നായക്ക് പേ ബാധ സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.