മലപ്പുറത്ത് സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി

Breaking Crime Keralam Local

മലപ്പുറം: നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി ചെയര്‍മാനോ അംഗത്തിനോ ഒൗേദ്യാഗിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനം വഹിക്കാനോ മറ്റുജോലികളില്‍ ഏര്‍പ്പെടാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടു സി.പി.എം പാര്‍ട്ടി നേതാവിന് തന്നെ സ്ഥാനം കൈമാറിയത്.

കമ്മിറ്റിയില്‍ തന്നെ പൂര്‍ണ ശ്രദ്ധയും സമയവും നല്‍കുന്നതിന്റെ ഭാഗമാണിത്. മാര്‍ച്ച് ആറിന് കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ പുതിയ അംഗങ്ങളുടെ അഭിമുഖ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.
സി. ഹേമലത, ജി. രാജേഷ് കുമാര്‍, ശ്രീജ പുളിക്കല്‍, പി. ജാബിര്‍ എന്നിവരാണ് സി.ഡബ്ല്യു.സി കമ്മിറ്റി അംഗങ്ങള്‍. പി. ജാബിര്‍ മാറാക്കര പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. മറ്റുള്ള അംഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. നേരത്തെ അഡ്വ. എ. സുരേഷ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും പൊന്നാനി നഗരസഭയില്‍ സി.പി.എം കൗണ്‍സിലറുമായിരുന്നു.

ജെ.ജെ ആക്ട് പ്രകാരം സ്ഥാപിതമായ ശിശുക്ഷേമ സമിതികളില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമില്ലാത്തവരെ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് വിവാദമായിരുന്നു. വ്യത്യസ്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പകരം അഭിഭാഷകര്‍ക്ക് മുന്‍തൂക്കം വരുന്നതിനെതിരെയും വിമര്‍ശനമുണ്ട്.