പ്ലസ് വൺ പരീക്ഷയുടെ തിയ്യതി ഉടനെ പ്രഖ്യാപിക്കും; വിദ്യാഭ്യാസ മന്ത്രി

Education Keralam News

പ്ലസ് വൺ പരീക്ഷയുടെ തിയ്യതി ഉടൻ അറിയിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി.എൻ ശിവൻകുട്ടി. പരീക്ഷയുടെ ടൈംടേബിൾ രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷയുടെ നടത്തിപ്പിനെപ്പറ്റിയുള്ള ധാരണ ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷകൾക്കിടയിലുള്ള ഇടവേളകൾ കൂട്ടിക്കൊണ്ട് വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പിന് കൂടുതൽ സമയം കിട്ടുന്ന തരത്തിലാകും പരീക്ഷയുടെ ടൈംടേബിൾ.ഓൺലൈനായി പരീക്ഷ നടത്താൻ പറ്റില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എഴുത്തുപരീക്ഷക്കായി ഇന്നലെയാണ് കോടതി അനുമതി നൽകിയത്.

പരീക്ഷയ്ക്ക് മുന്നോടിയായി എല്ലാത്തരത്തിലുമുള്ള സുരക്ഷകളും ഒരുക്കിയതായി സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്‌.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളും പിന്നീട് എഞ്ചിനീയറിംഗ് പരീക്ഷയും വിജയകരമായി നടത്തിയിരുന്നു. മൊബൈൽ ഫോൺ പോലും ലഭ്യമല്ലാത്ത കുട്ടികളില്ലാത്തതിനാൽ ഓൺലൈൻ പരീക്ഷ നടത്താനാവില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. പ്ലസ് വൺപരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് പൂർത്തിയാക്കാൻ പറ്റുകയുള്ളൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പരീക്ഷ മൂല ഒരു കുട്ടിക്കുപോലും രോഗബാധയുണ്ടാവില്ലെന്നും അതിനുള്ള ഏർപ്പാടുകൾ ഒരുക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്..