പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കാൻ സർക്കാർ കോടതിയിൽ

Education Keralam News

പ്ലസ് വൺ പരീക്ഷ മുമ്പ് പ്രഖ്യാപിച്ച പോലെ തന്നെ നേരിട്ട് നടത്താൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരള സർക്കാർ വീണ്ടും കോടതിയെ സമീപിക്കും. പരീക്ഷ ഓൺലൈൻ വഴി നടത്തുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. ഓൺലൈൻ വഴി പരീക്ഷ നടത്തുന്നത് കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യങ്ങൾ കുറഞ്ഞ ഒട്ടേറെ വിദ്യാർഥികളെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

ഓൺലൈൻ വഴി നേരത്തെ മോഡല്‍ പരീക്ഷ നടത്തിയിരുന്നു. എന്നാൽ നേരിട്ട് പരീക്ഷ നടത്തുന്നത് കോടതി ഇടപെട്ട് തടയുകയായിരുന്നു. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും വീടുകളിലിരുന്ന് എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമാക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ തവണ സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷകൾക്ക് സുപ്രീംകോടതി അനുമതി നല്‍കിയ പോലെ പ്ലസ് വൺ പരീക്ഷയും പരിഗണിക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

ഇപ്പോൾ പ്ലസ് ടൂവിൽ പഠിക്കുന്ന വിദ്യാർഥികളെ ഇനിയും പ്ലസ് വൺ പരീക്ഷ നടത്താതെ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും അത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നുമാണ് സർക്കാരിൻ്റെ ആവശ്യം.

ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ മുഴുവൻ പരീക്ഷകളും പൂര്‍ ത്തിയാക്കുമെന്നും സരക്കാർ ഉറപ്പു നൽകുന്നുണ്ട്.കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് നേരിട്ടുള്ള പരീക്ഷ നടത്തുന്നത് വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കാണിച്ച് സുപ്രീം കോടതി ഇടപെട്ട് പ്ലസ് വൺ പരീക്ഷകൾ മാറ്റി വെക്കുകയായിരുന്നു.