വിശ്വസിച്ച് ഏല്‍പിച്ച 11കാരിയെ ഉസ്താദ് പീഡിപ്പിച്ചത് പതലവണ; പ്രതിക്ക് 81 വര്‍ഷം കഠിനതടവും പിഴയും

Breaking Crime Local News

മലപ്പുറം: വിശ്വസിച്ച് ഏല്‍പിച്ച 11കാരിയെ ഉസ്താദ് പീഡിപ്പിച്ചത് പതലവണ. പതിനൊന്നുകാരിയെ അതിഗുരുതരമായ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകനായ പ്രതിക്കു 81 വര്‍ഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 13കാരിയെ പീഡിപ്പിച്ചെന്ന സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ 61 വര്‍ഷം കഠിതടവിനും 1.25 ലക്ഷം രൂപ പിഴയടക്കുന്നതിനും ഇതേകോടതി ശിക്ഷിച്ചിരുന്നു. 2019 ഏപ്രിലിലായിരുന്നു രണ്ടാമത്തെ കേസിനാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകളില്‍ 25 വര്‍ഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ 30 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പോക്‌സോ വകുപ്പുകളില്‍ പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല. പ്രതി പിഴയടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. വീട്ടില്‍വെച്ച് മന്ത്രിച്ച് ചരടും മറ്റും നല്‍കിവരുന്ന ഉസ്താദ് പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു. തുടര്‍ന്നു ഇതിന്റെ ഭാഗമായി പഠന ആവശ്യാര്‍ഥമാണു പല തവണ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടുകാര്‍ ഉസ്താദിനെ ഏറെ ബഹുമാനിക്കുന്നതുകൊണ്ടുതന്നെ സംഭവം പെണ്‍കുട്ടി വീട്ടുകാരോടു പറയാന്‍ ഭയന്നിരുന്നു. പിന്നീടാണു മറ്റൊരു വിഷയത്തില്‍ പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നല്‍കിയപ്പോള്‍ സംഭവം പറഞ്ഞത്. പെണ്‍കുട്ടിയെ ഉസ്താദിനെ വിശ്വസിച്ച് ഏല്‍പിച്ചതായിരുന്നു വീട്ടുകാര്‍. സംരക്ഷകനായ വ്യക്തി തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ക്രൂരമായ പീഡനമായതിനാലുമാണു ശിക്ഷ 81വര്‍ഷംവരെയായത്.
പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, എസ്.ഐ. മാരായ സന്തോഷ്‌കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.