ഒട്ടുപാൽ മോഷ്ടിച്ചു വില്പന, പ്രതിപിടിയിൽ

Crime Local News

കാളികാവ്: അടക്കക്കുണ്ടില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന രണ്ടു ക്വിന്റലോളം ഒട്ടുപാല്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ യുവാവ് കാളികാവ് പോലീസിന്റെ പിടിയിലായി. എടക്കര കൗക്കാട് സ്വദേശിയായ ആലങ്ങാടന്‍ ശ്രീജിത്ത്(32) എന്ന മണിക്കുട്ടനെയാണ് കാളികാവ് സബ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ വിളയില്‍ അറസ്റ്റ് ചെയ്തത്. പ്രതി ടാപ്പിംഗ് ജോലിക്കാരനും വണ്ടൂര്‍ അമ്പലപ്പടിയിലെ വീട് നിര്‍മാണ സാമഗ്രികള്‍ വില്‍പ്പന
നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറുമാണ്. സാധന സാമഗ്രികള്‍ സൈറ്റില്‍ ഇറക്കുന്ന സമയം അവിടങ്ങളിലെ കളവു നടത്താന്‍ പറ്റുന്ന സാധനങ്ങള്‍ കണ്ടുവയ്ക്കുകയും ശേഷം പുലര്‍ച്ചെ തന്റെ സ്വന്തം കാറില്‍ സ്ഥലത്തെത്തി കളവു നടത്തുകയുമാണ് പ്രതിയുടെ രീതി. സി.സി. ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്
ഇയാള്‍ പിടിയിലായത്. എടക്കര, വഴിക്കടവ് സ്റ്റേഷനുകളില്‍ യുവാവിനെതിരേ മറ്റു കേസുകളുണ്ട്. മലയോര മേഖലയില്‍ മോഷണം തടയുന്നതിനായി പോലീസ് രാത്രികാല പട്രോളിംഗ്് ശക്തമാക്കിയിട്ടുണ്ട്. കാളികാവ് ഇന്‍സ്പെക്ടര്‍ പി. ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അന്വേഷണ സംഘത്തില്‍ പോലീസുകാരായ അരുണ്‍, വി. വ്യതീഷ്, ടി. വിനു, പി.കെ. രാഹുല്‍, പി. റിജീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.