വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ജീവനക്കാരന് 46 വർഷം തടവ്

Crime Local News

പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരനായ യുവാവിന് 46 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടിൽ ഷമീം (31)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവുംഎട്ട് മാസവും അധിക തടവും വിധിച്ചു. പിഴ അടച്ചാൽ അതിജീവിതക്ക് തുക നൽകാനും കോടതി നിർദ്ദേശിച്ചു. പെരിന്തല്‍മണ്ണ- മലപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ പ്രതി, 16 വയസ്സുള്ള പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 2020 മാര്‍ച്ചിൽ അങ്ങാടിപ്പുറത്ത് നിന്നും മലപ്പുറത്തുള്ള ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് ശാരീരികമായി പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പോക്സോ വകുപ്പുകളിലായി 41 വർഷം തടവും 1,80,000 രൂപ പിഴയും ഐ.പി.സി വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ അടിപിടി, വഞ്ചന കേസുകളില്‍ ഉള്‍പ്പെട്ട പ്രതി പോക്സോ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വിചാരണ തുടങ്ങാനിരിക്കെ, 2022 ജനുവരിയില്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യപിച്ചു. കഴിഞ്ഞ ജനുവരിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. തുടർന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലൽ വെച്ച് തന്നെ വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന രമാദേവി രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, സബ് ഇന്‍സ്പെക്ടർമാരായ ഹേമലതയും, സി.കെ നാസറുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും