പ്രണയം നടിച്ച് പീഡനവും കവര്‍ച്ചയും : യുവാവിന് ജാമ്യമില്ല

Crime Local News

മഞ്ചേരി : പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ആഭരണവും പണവും കവര്‍ന്നുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കല്പകഞ്ചേരി അനന്താവൂര്‍ ചേരുലാല്‍ തോട്ടത്തില്‍ മുഹമ്മദ് റിഫാഹി (20)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ഒക്‌ടോബര്‍ മുതല്‍ ഫോണിലൂടെയും മറ്റും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി പ്രണയം നടിച്ച് പലതവണ കാറിലും ബൈക്കിലും പലയിടങ്ങളില്‍ കൊണ്ടു പോയിരുന്നു. 2023 ഒക്‌ടോബര്‍ 13ന് രാത്രി 12 മണിക്ക് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ബൈക്കില്‍ കുട്ടിയെ രാമനാട്ടുകരയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും മടങ്ങുന്ന സമയം വഴിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗീക പീഡനത്തിന് വിധേയമാക്കുകയും കുട്ടിയുടെ 1.65 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 7000 രൂപയും കൈക്കലാക്കിയ ശേഷം അനന്താവൂരില്‍ വഴിയരികില്‍ ഇറക്കിവിട്ടുവെന്നുമാണ് കേസ്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 16ന് കല്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടി പിന്നീട് സ്വന്തം വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി