ഹിജാബ് വിവാദത്തില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് ; മുസ്‌കാൻ ഖാനെ പിന്തുണച്ച് ആര്‍എസ്എസിന്‍റെ മുസ്ലീം വിഭാഗം

India News

അയോധ്യ: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനി ബിബി മുസ്‌കാൻ ഖാനെ പിന്തുണച്ച് ആര്‍എസ്എസിന്‍റെ മുസ്ലീം വിഭാഗം – മുസ്ലീം രാഷ്ട്രീയ മഞ്ച്. ഹിജാബും പർദയും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത സംചാലക് അനിൽ സിംഗ് പറഞ്ഞു. ഹിജാബ് ധരിക്കാനുള്ള ബിബി മുസ്‌കന്‍റെ ആഹ്വാനത്തെ ആരും എതിര്‍ക്കേണ്ടതില്ലെന്നും അനിൽ സിംഗ് പറഞ്ഞു .

ബിബി മുസ്‌കാൻ ഖാന്‍ നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണ്. നമ്മുടെ മകളും സഹോദരിയുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് അവര്‍ക്കൊപ്പമാണെന്നും അനില്‍ സിംഗ് പറഞ്ഞു. ബിബി മുസ്കാന്‍ ഖാനെതിരെ നടന്ന ആക്രമണങ്ങളെയും മുസ്ലീം രാഷ്ട്രീയ മഞ്ച് അപലപിച്ചു. ഹിന്ദു സംസ്കാരം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ച് അവള്‍ക്ക് നേരെ ചെന്നവരും ആ പെൺകുട്ടിയെ ഭയപ്പെടുത്താൻ ശ്രമിച്ചവരും ചെയ്തത് വളരെ തെറ്റാണെന്ന് അനില്‍ സിംഗ് പറഞ്ഞു.

ആ പെൺകുട്ടിക്ക് ഹിജാബ് ധരിക്കാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്. അവൾ ക്യാമ്പസിന്‍റെ ഡ്രസ് കോഡ് ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാൻ ആ സ്ഥാപനത്തിന് അവകാശമുണ്ട്. എന്നാല്‍ കഴുത്തില്‍ കാവി ഷോള്‍ അണിഞ്ഞ് ജയ് ശ്രീറാം’ വിളിക്കുന്ന ആൺകുട്ടികളുടെ പെരുമാറ്റം അംഗീകരിക്കാനാകില്ല. അവർ ഹിന്ദു സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തിയെന്നും ആർഎസ്എസ് നേതാവുകൂടിയായ അനില്‍ സിംഗ് പറഞ്ഞു.