ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും പോലീസ് പിടിയിൽ

Crime Local News

മലപ്പുറം : ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . പെരുവള്ളൂർ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് പോലീസ് അറസ്റ്റ്. തന്റെ ബിസിനസ് സ്ഥാപനത്തിൽ ഈ യുവതി കുറച്ച് കാലം ജോലിക്കു നിന്നിരുന്നു. ഈ പരിചയം വെച്ച് ഇയാളിൽ നിന്നും യുവതി ഗർഭിണിയായി എന്നും തുടർന്ന് അബോർഷൻ നടത്തിയെന്നും ഇതിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് യുവതിയും ഇവരുടെ സുഹൃത്തും പിടിയിലായത്. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല ( 24 ) സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു ( 30 ) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. യുവതിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഒരു ഹോട്ടലിൽ വെച്ച് 50000 രൂപ യുവതിക്ക് അഡ്വൻസ് വകയാണെന്നും പറഞ്ഞ് യുവാവ് കൊടുത്തിരുന്നു. ബാക്കി പണം ഉടനെ നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നൽകുകയും കേസ് തിരൂരങ്ങാടി പോലീസിന് കൈമാറുകയുമായിരുന്നു. ബാക്കി തുക നാൽകാനെന്ന വ്യാജേന യുവതിയെയും സുഹൃത്തിനെയും യുവാവ് പോലീസ് സഹായത്തോടെ വിളിച്ച് വരുത്തിയതിലൂടെയാണ് ഇവർ പിടിയിലായത് . ബി. ഡി. എസ്. വിദ്യാർത്ഥിയാണെന്നാണ് യുവതി പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.