സ്വര്‍ണ്ണമിശ്രിതം തട്ടിയ സംഭവം : നാലു പ്രതികള്‍ക്ക് ജാമ്യമില്ല

Crime Local News

മഞ്ചേരി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തിയ സ്വര്‍ണ്ണ മിശ്രിതം തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് ഓമശ്ശേരി ആലിന്‍തറ പുത്തൂര്‍ കിഴക്കെപുനത്തില്‍ ആഷിഫ് (28), കൊടുവള്ളി ആവിലോറ കണ്ടത്തില്‍ മുഹമ്മദ് റാഫി (38), പൂത്തൂര്‍ മഠത്തിക്കുന്നുമ്മല്‍ ടി പി മുഹമ്മദ് ഫാസില്‍ (35), പുതുപ്പാടി പെരുംപള്ളി കരട്ടിന്റെ അജയില്‍ കെ അബ്ദുല്‍ നിസാര്‍ (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്. 2023സെപ്തംബര്‍ 24നാണ് കേസിന്നാസ്പദമായ സംഭവം. എയര്‍ഇന്ത്യയുടെ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നും ലിഗേഷ് എന്ന യാത്രക്കാരനാണ് രണ്ടു ക്യാപ്‌സൂളുകളിലായി സ്വര്‍ണ്ണമിശ്രിതം അനധികൃതമായി കടത്തിക്കൊണ്ടു വന്നത്. ഇത് എയ്ര്‍പോര്‍ട്ട് പരിസരത്തുവെച്ച് ഉടമകള്‍ക്ക് കൈമാറുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം അക്രമിച്ച് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ആഷിഫിനെ സെപ്തംബര്‍ 24നും മുഹമ്മദ് റാഫി, മുഹമ്മദ് ഫാസില്‍ എന്നിവരെ സെപ്തംബര്‍ 29നും അബ്ദുല്‍ നിസാറിനെ ഇക്കഴിഞ്ഞ രണ്ടിനുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനുവാണ് കേസന്വേഷിക്കുന്നത്.

റിപ്പോർട്ട് : ബഷീർ കല്ലായി