സ്വത്ത് തര്‍ക്കം;പിതൃസഹോദരീ പുത്രനെ കൊലപ്പെടുത്തിയപ്രതിക്ക് ജീവപര്യന്ത്യം തടവും പിഴയും

Crime Local News

മഞ്ചേരി : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതൃസഹോദരീ പുത്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 1.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ടൂര്‍ വാണിയമ്പലം ചെരങ്ങാപൊയില്‍ ഒമാനി വീട്ടില്‍ മനോജ് (38)നെയാണ് ജഡ്ജി എസ് മുരളീകൃഷ്ണ ശിക്ഷിച്ചത്. പഴയ വാണിയമ്പലം മൈലാടി കോളനിയില്‍ കൂറ്റഞ്ചേരി നാരായണന്റെ മകന്‍ വിജേഷ് (38) ആണ് കൊല്ലപ്പെട്ടത്. പ്രതി മനോജിന്റെ പിതാവ് മാനുകുട്ടന്റെ സഹോദരി ജാനകിയുടെ മകനാണ് വിജേഷ്. 2021 സെപ്തംബര്‍ 11ന് വൈകീട്ട് 3.45നാണ് കേസിന്നാസ്പദമായ സംഭവം. സ്വത്ത് ഭാഗം വെച്ചത് സംബന്ധിച്ച് വിജേഷിന്റെ പിതൃസഹോദര പുത്രന്‍ അനന്തകൃഷ്ണന്റെ വീട്ടില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ചര്‍ച്ച വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തിയതിനെ തുടര്‍ന്ന് മനോജ് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വിജേഷിനെ കുത്തുകയായിരുന്നു. വിജേഷിനെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിജേഷ് മരണപ്പെട്ടത്. വണ്ടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ഐ പി ഗോപകുമാര്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടോം കെ തോമസ് 31 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 64 രേഖകളും ഹാജരാക്കി. എസ് സി പി ഒ കെ പി സജിത് ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറു മാസം തടവ്, 324 വകുപ്പ് പ്രകാരം ആയുധം കൊണ്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഒരു വര്‍ഷം കഠിന തടവ്, പതിനായിരം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി