ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മണൽമാഫിയ തലവൻ അറസ്റ്റിൽ

Crime Local News

തിരൂർ: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മണൽമാഫിയ തലവൻ അറസ്റ്റിൽ.
ഭാരതപ്പുഴയിൽ നിന്നും നിരന്തരമായി പുഴമണൽ കളവ് ചെയ്ത് കൊണ്ടുപോയതിന് ഒട്ടനവധി കേസുകളിൽ ഉൾപ്പെട്ട മണൽ മാഫിയ തലവനായ കൊടക്കൽ സ്വദേശി പെരുമാൾ പറമ്പിൽ സൈനുദ്ദീൻ(43) തിരൂർ പോലീസിന്റെ പിടിയിലായി. തിരൂർ, കുറ്റിപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാളെ തിരൂർ പോലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി മണൽകടത്തിന് നേരിട്ട് ഇറങ്ങാതെ സുഹൃത്തുക്കളുടെ പേരിൽ ലോറികൾ വാങ്ങി മണൽ കടത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞമാസം രജിസ്റ്റർ ചെയ്ത രണ്ട് മണൽക്കടത്ത് കേസുകളിൽ അന്വേഷണം നടത്തവേ കഴിഞ്ഞദിവസം തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സൈനുദീനെ പിടികൂടുകയായിരുന്നു. കേസുകളിൽ നിരന്തരം പ്രതിയായി കൊണ്ടിരിക്കുന്ന മണൽക്കടത്ത് സംഘങ്ങൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഗുണ്ടാക്റ്റ് പ്രകാരം നടപടിയെടുത്തു കൊണ്ടിരിക്കുകയാണെന്ന് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു അറിയിച്ചു. എസ്.ഐ പ്രദീപ്കുമാർ.ബി സീനിയർ സി.പി.ഒ രാജേഷ് കെ.ആർ സി.പി.ഒ മാരായ അരുൺ, ധനീഷ്കുമാർ, ദിൽജിത്ത്, ബിനു എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു