തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം കടയില്‍വിറ്റ് പ്രതി

Crime Local News

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ കൃഷിഭവനില്‍ ജോലിചെയ്തിരുന്ന 35കാരിയായ സുജിതയെ താന്‍ കൊലപ്പെടുത്തിയത് സ്വര്‍ണം പിടിച്ചുവലിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതി വിഷ്ണുവിന്റെ(26) മൊഴി. താന്‍ പറഞ്ഞതുപ്രകാരം തന്റെ വീട്ടിലെത്തിയ പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35)യെയാണു വിഷ്ണു കൊലപ്പെടുത്തിയ ശേഷം സഹോദരങ്ങളായ വൈശാഖ്(23), വിവേക്(20), ഇവരുടെ സുഹൃത്തായ മുഹമ്മദ് ഷിഹാന്‍(18) എന്നിവരുടെ സഹായത്തോടെ വീട്ടില്‍വിളപ്പില്‍ തന്നെ കുഴിച്ചിട്ടതെന്നും പോലീസിനു മൊഴി നല്‍കി. നേരത്തെ കസ്റ്റഡിയിലുള്ള വിഷ്ണുവിന്റെ മൊഴിയെ തുടര്‍ന്നാണു മറ്റു പ്രതികളെ പോലീസ് ഇന്നു അറസ്റ്റ് ചെയ്തത്..

അവസാനം സുജിതയെ കൊലപ്പെടുത്തിയ ശേഷം 53ഗ്രാം സ്വര്‍ണമെന്നും താന്‍ മോഷ്ടിക്കുകയും നാട്ടിലെ ചെറുകിട സ്ഥാപനത്തില്‍ വില്‍പന നടത്തിയതായും പോലീസിനോട് സമ്മതിച്ചു. അതേ സമയം പ്രതിയെ മൊഴി പോലീസ് പൂര്‍ണമായിട്ടും വിശ്വസത്തിലെടുത്തിട്ടില്ലെന്നാണു സൂചന. മൊഴിപ്രകാരമുള്ള കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനായ ഉടന്‍ തെളിവെടുപ്പ് നടത്താനാണു പോലീസ് നീക്കം.

ഈ മാസം 11 മുതല്‍ സുജിതയെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
ഇന്നു മൃതദേഹം ഫോറന്‍സിക് സംഘമെത്തി പുറത്തെടുക്കും.

മലപ്പുറം തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടത്. തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു. വീട്ടുവളപ്പില്‍ അഴുകിയ നിലയിലാണ് മൃതദേഹം. തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കള്‍ രാത്രി ഒന്‍പതിനാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല.

തുവ്വൂരില്‍നിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതായി നേരത്തേ പരാതിയുണ്ടായിരുന്നു. സുജിത കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താത്കാലിക ജീവനക്കാരിയുമാണ്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല.

സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനുംദിവസമായി വിഷ്ണു പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു. വിഷ്ണു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെടുത്തത്. വിഷ്ണു നല്‍കിയ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകുമെന്നാണ് പൊലീസിന്റെ നിഗമനം.
ഗ്രാമപ്പഞ്ചായത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോള്‍ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനില്‍നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്നു പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.