പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് 63 വര്‍ഷം കഠിന തടവും പിഴയും

Crime Local News

മലപ്പുറം : പത്തുവയസ്സുകാരിയെ പലതവണ ബലാല്‍സംഗം ചെയ്ത 48 കാരന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 63 വര്‍ഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ പാങ്ങലേരി അരീക്കുന്ന് ഗോപാലകൃഷ്ണന്‍ (48) നെയാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. 2020 ജനുവരി മുതല്‍ മെയ് മാസം വരെ ബാലികയും കുടുംബവും താമസിക്കുന്ന കാരക്കുന്ന് കണ്ടാലംപറ്റയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് പലതവണ ബലാല്‍സംഗം ചെയ്തത്. എടവണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം ബി സിബിന്‍ ആണ് കേസ്സെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. എസ് ഐ വി വിജയരാജന്‍, എസ് എച്ച് ഒ സുനീഷ് കെ തങ്കച്ചന്‍ എന്നിവര്‍ തുടരന്വേഷണം നടത്തിയ കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി വി ലതീഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. എ എസ് ഐമാരായ എന്‍ സല്‍മയും എന്‍ ഷാജിമോളുമായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍മാര്‍.പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ. ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്
അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയൂം ശിക്ഷയുണ്ട്. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍ നിന്നും മൂന്നു ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.