ജയിലിലേക്ക് കഞ്ചാവും ഹാഷിഷും കടത്തുന്ന പ്രധാനി പിടിയില്‍. കടത്ത് ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച്

Crime Keralam News

മലപ്പുറം: ജയിലിലേക്ക് കഞ്ചാവും ഹാഷിഷും കടത്തുന്ന പ്രധാനി പിടിയില്‍. കടത്ത് ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച്. കടത്തുകാരനായ ആയിരനാഴിപ്പടി മില്ലിനു സമീപം വെച്ചാണ് ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പില്‍ വീട്ടില്‍ വിജേഷിനെ (29) കാര്‍ സഹിതം പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 280 ഗ്രാം കഞ്ചാവും 6.90 ഗ്രാം ഹാഷിഷ് ഓയിലും മങ്കട പോലീസ് പിടിച്ചെടുത്തു.
ജയിലിന് അകത്തേക്ക് ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചും മറ്റും ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിവരവെയാണു ഇയാള്‍ പിടിയില്‍ ആയത്. അസുഖമാണെന്ന വ്യാജേന ജയിലില്‍ നിന്നും പല പ്രതികളും ചികിത്സക്ക് വരുന്ന സമയത്ത് ഇത്തരം ലഹരി കടത്തുകള്‍ നടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു.പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും എടവണ്ണ കൊലപാതക കേസില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കരുതിയിരുന്നതെന്ന് പ്രതി മൊഴി നല്‍കി. എടവണ്ണ കൊലപാതക കേസിലെ പ്രതിയായ പുളിയക്കോടന്‍ അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ശുചിമുറിയില്‍ ഒളിപ്പിച്ച് വെച്ച് കൈമാറ്റം ചെയ്യാനുള്ള പദ്ധതിയാണ് പോലീസ് തകര്‍ത്തത്.2021ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോയി കൂട്ടായ്മ കവര്‍ച്ച നടത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍. ഈ കേസില്‍ വിചാരണ നേരിട്ടു വരവെയാണ് ലഹരി കടത്തിന് അറസ്റ്റില്‍ ആകുന്നത്. ഇതിന്റെ കണ്ണികളെ കണ്ടെത്തി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു അറിയിച്ചു. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉദയന്‍, എ.എസ്.ഐ മുഹമ്മദ് ഫൈസല്‍, പോലീസുകാരായ സുഹൈല്‍, നവീന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.