മലപ്പുറത്ത് കോടികളുടെ ഓഹരി വിപണി തട്ടിപ്പില്‍ ഇരയായത് 550 ല്‍പ്പരം ആളുകള്‍

Breaking Crime Keralam Local News

മലപ്പുറം: സ്റ്റോക്ക് മാര്‍ക്കറ്റിംഗ് ട്രേഡിംഗിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് വഴിക്കടവ് മുണ്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന നാഫി അസോസിയേറ്റ്‌സ് എന്ന തട്ടിപ്പ് ട്രേഡിംഗ് കമ്പനിക്കെതിരെ തട്ടിപ്പിനിരയായവരുടെ പരാതി പ്രവാഹം. വഴിക്കടവ് സ്വദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റിലാവുകയും, സ്ഥാപനം പൂട്ടി സീല്‍ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നതെന്നു വഴിക്കടവ് പോലീസ് പറഞ്ഞു. സംഭവത്തില്‍
അന്വേഷണ സംഘം ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം( ബഡ്സ്) പ്രകാരം മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോര്‍ട്ടിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് പ്രകാരമാണ് പ്രതികള്‍ വീണ്ടും റിമാന്‍ഡില്‍ ആയത്. സര്‍ക്കാരിന്റെ അനുമതിയില്ലാത്ത നിക്ഷേപ പദ്ധതികള്‍ സീകരികുന്നത് നിരോധിക്കുന്നതാണ് നിയമം. . ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റിയെ നിയോഗിക്കും. അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും ആസ്തികള്‍ പിടിച്ചെടുക്കാനും അതോറിറ്റിക്ക് അനുമതി ലഭിക്കും. നിക്ഷേപത്തട്ടിപ്പുകള്‍ മുന്‍കൂട്ടി തടയാനും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസം കുറയ്ക്കാനും ബഡ്സ് നിയമം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം എടക്കര ബാര്‍ബര്‍ മുക്കിലുള്ള സ്ത്രീയുടെ 17 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തതിന് വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളായ പൂവത്തിപ്പൊയില്‍ കാട്ടുമഠത്തില്‍ നിസാബുദീന്‍ (32), ബാര്‍ബര്‍മുക്ക് ചക്കിപ്പറമ്പന്‍ മുഹമ്മദ് ഫഹദ് വട്ടപ്പാടം(34), വടക്കന്‍ ഇല്യാസ് എടക്കര(30) എന്നിവര്‍ റിമാന്‍ഡിലാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാലും കേസ് തീരാതെ പ്രതികള്‍ക്ക് വിദേശത്ത് പോകാന്‍ സാധിക്കില്ല.

550 ല്‍പ്പരം ആളുകള്‍ പ്രതികളുടെ തട്ടിപ്പിനിരയായായതായി അന്വേഷണ സംഘം വ്യക്തമാക്കി. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബഡ്‌സ് പ്രത്യേക കോടതികളില്‍ സമര്‍പ്പിച്ച്, ആസ്തികള്‍ വിറ്റുപണമാക്കി 180 ദിവസത്തിനുള്ളില്‍ വിധി പറയുമെന്നതാണ് വ്യവസ്ഥ. ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും, 10 ലക്ഷം വരെ പിഴയും ലഭിക്കുന്നതാണ്. നിയമപരമല്ലാത്ത നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ 10 വര്‍ഷം തടവും ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും. കോടികളുടെ തട്ടിപ്പ് ആയതിനാല്‍ മലപ്പുറം ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ആണ് ഈ കേസിന്റെ അന്വേഷണം നടക്കുന്നത്. നിലമ്പൂര്‍ഡി.വൈ.എസ്.പി. സാജു.കെ.ഏബ്രഹാമിന്റ നേതൃത്വത്തില്‍ അന്വേഷണം സംഘത്തെ വിപുലീകരിക്കുകയായിരുന്നു. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ .എഎസ്‌ഐ മനോജ് കെ, പോലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാര്‍ എസ്,പ്രദീപ്. ഇ.ജി, ഇ.എന്‍.സുധീര്‍. അബ്ദുള്‍ നാസര്‍.കെ, ശ്രീകാന്ത് എസ്, നിജേഷ് കെ, ഗീത.കെ.സി എന്നിവര്‍ ആണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

കഴിഞ്ഞ ദിവസം പിടിയിലായ മൂവര്‍ സംഘം ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്. ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാന്‍ സാധിക്കുമെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കിയാണ് സംഘം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. ഈ കേസില്‍ വഴിക്കടവ് സ്വദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച സംഭഭവത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പണം നിക്ഷേപിച്ച ശേഷം തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ തുച്ഛമായ പണം മാത്രമാണ് ഇയാള്‍ക്ക് ലഭിച്ചത്.

കയ്യില്‍ പണമില്ലാത്തവരില്‍ നിന്നും പ്രതികള്‍ നിക്ഷേപകരുടെ പേരിലുള്ള ഭൂമി വരെയും നിക്ഷേപങ്ങളായി സ്വീകരിച്ചിരുന്നു. ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഷെയറില്‍ നിക്ഷേപിക്കുകയുംപിന്നീട് പ്രതികള്‍ സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. വില്ലാ പ്രൊജക്ട് എന്ന പേരിലും നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരിലും കോടികള്‍ തട്ടിപ്പ് നടത്തിയ ഇവര്‍ ഓഡിറ്റോറിയം പ്രൊജക്ട് എന്നി പേരില്‍ പുതിയ തട്ടിപ്പും ആരംഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റ്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളുടെ വഴിക്കടവിലെ ഓഫീസില്‍ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസ് പോലീസ് പൂട്ടി സീല്‍ ചെയ്തിരുന്നു.