കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ കുഞ്ഞ് മരിച്ച സംഭവം.നീതിക്കുവേണ്ടി ഒരേ സമയം മൂന്നിടത്ത് പ്രതിഷേധ സംഗമം

Crime Keralam News

കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തെ തുടര്‍ന്നു കുഞ്ഞ് മരിച്ച സംഭവത്തില്‍ നീതിക്കുവേണ്ടി ഒരേ സമയം മൂന്നിടത്ത് പ്രതിഷേധ സംഗമം. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കുന്ദമംഗലം ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഒരേ സമയം മൂന്നിടത്ത് പ്രതിഷേധ സംഗമം നടത്തിയത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ ഡോക്ടറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം നടത്തിയത്. രാവിലെ പത്ത് മണിക്ക് ഫാത്തിമ ആശുപത്രിക്ക് മുന്നിലും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കും നടക്കാവ് പോലീസ് സ്റ്റേഷനിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.

അതെ സമയം, തന്നെ ചികിത്സിച്ച ഗൈനക്കോളജി ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി നടക്കാവ് പോലീസിലും ശേഷം സിറ്റി പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പോലീസ് ഇതു വരെ മൊഴിയെടുത്തിട്ടില്ല. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഗൈനക്കോളജി ഡോക്ടറുടെ ഭര്‍ത്താവായ ഡോക്ടര്‍ മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കോഴിക്കോട് കുന്നമംഗലം സ്വദേശിനിയായ ഹാജറ നജയുടെ കുഞ്ഞാണു പ്രസവ ചികിത്സക്കിടെ മരണപ്പെട്ടത്. പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ പോവുകയും ശരിയായ ട്രീറ്റ്മെന്റ് നല്‍കാത്തതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞു മരിക്കുകയും ചെയ്തുവെന്നാണു കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ മുന്നില്‍ ബന്ധുക്കളും നാട്ടുകാരും സമരം നടത്തുമെന്നു ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം കുട്ടിയുടെ മരണത്തോടെ പ്രതിഷേധംപൂട്ട ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയും
ഡോക്ടറെ മര്‍ദിക്കുകയും ചെയ്തതായ പരാതിയില്‍ ഇതിനോടകം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. പി.കെ അശോകനാണ് മര്‍ദ്ദനമേറ്റതെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതഷേധിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഒ.പി.ബഹിഷ്‌കരണവും റോഡ് തടയലുംവരെ ഡോക്ടര്‍മാരുടെ സംഘടന നടത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും താലൂക്ക് ആശുപത്രികളിലും പ്രതിഷേധിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സമാനമായ സമരങ്ങള്‍ അരങ്ങേറി. കൂടുതല്‍ കടുത്ത സമരങ്ങളിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ പറയുന്നു.

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിനിട്ടുകള്‍ക്കകം പ്രശ്‌നത്തില്‍ ഇടപെട്ടു. അനുവദിച്ചുകൂടാത്ത അക്രമം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവും. ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം സംസ്ഥാനത്ത് അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഉടനെ പൊലീസും അധികാരികളും സടകുടഞ്ഞെഴുന്നേറ്റു. പ്രതികളെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തു. തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ് ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമമെങ്കിലും പിഞ്ചു കുഞ്ഞ് മരണപ്പെട്ട സംഭവത്തിന്റെ ഈ വീട്ടുകാര്‍ക്കു എന്തുകൊണ്ടു ഈ നീതി ലഭിക്കുന്നില്ലെന്നാണ് സമര സമിതി ചോദിക്കുന്നത്. കുഞ്ഞിന്റെ മരണത്തില്‍ വല്ല അസ്വാഭാവികതയുമുണ്ടോ..? ശരിയായ രീതിയിലുള്ള പരിചരണം ലഭിച്ചിട്ടുണ്ടോ..? അതുസംബന്ധിച്ച് എന്തന്വേഷണമാണ് നടന്നത്..? അത്യാധുനിക ചികിത്സ ലഭ്യമാകുന്ന ഈ കാലത്ത് പെട്ടന്നങ്ങനെ ഇല്ലാതായി .? എന്തായിരുന്നു കുഞ്ഞിനും അമ്മയ്ക്കുമുള്ള പ്രശ്‌നം…? കുഞ്ഞ് മരിച്ചിട്ടും അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാതെ നീട്ടികൊണ്ടുപോയത് എന്തിനാണ്..? ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും മറ്റൊരാശുപത്രിയിലേക്ക് മാറ്റാതിരുന്നത് എന്തുകൊണ്ടാണ്..? അത് വിശദീകരിക്കാന്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും അന്വേഷണ സംഘങ്ങളും എന്തുകൊണ്ടു തെയ്യാറാകുന്നില്ലെന്ന് സമര സമിതി കണ്‍വീനര്‍ നൗഷാദ് തെക്കയില്‍ ചോദിക്കുന്നു.

കോഴിക്കോട് കുന്ദമംഗലത്തെ വരട്ടിയാക്കല്‍ ഹാജറ നജ. ഫെബ്രുവരി 25നാണ് പ്രസവവേദനയെത്തുടര്‍ന്ന് ഫാത്തിമ ആശുപത്രിയില്‍ എത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനാ സമയമായതിനാല്‍ വീട്ടില്‍ പുരുഷന്‍മാരാരും ഇല്ലായിരുന്നു. പ്രസവത്തിന് അനുവദിച്ച ഡേറ്റിന് മുമ്പേ ആരോഗ്യ പ്രശ്‌നമുണ്ടായപ്പോള്‍ പെട്ടന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ നിസംഗമായ സമീപനമായിരുന്നു ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. കാഷ്വാലിറ്റിയില്‍ മൂന്നുമണിക്കൂറോളം കിടത്തിയ യുവതിക്ക് മതിയായ പരിചരണങ്ങളൊന്നും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മുറവിളി കൂട്ടിയപ്പോഴാണ് സിസേറിയന് വിധേയമാക്കിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഭര്‍ത്താവും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയപ്പോള്‍ കുഞ്ഞു മരിച്ചെന്ന വാര്‍ത്ത വലിയ ആഘാതമായി. അതുവരെ നടത്തിയ സ്‌കാനിംഗിലോ പരിശോധനകളിലോ കുഞ്ഞിന് ഒരു കുഴപ്പുവുമുണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നിട്ടും മിനിട്ടുകള്‍ക്കുള്ളില്‍ കുഞ്ഞ് നഷ്ടമായെന്ന വാര്‍ത്ത അവരെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. ചോദിക്കുന്ന ഡോക്ടര്‍മാരോ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളോ വ്യക്തമായ ഒരു മറുപടിയും നല്‍കിയില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്നു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി മതാചാരപ്രകാരം സംസ്‌കരിച്ചു. പക്ഷേ ഒരാഴ്ചയായിട്ടും നജയെ ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. പലപല കാരണങ്ങള്‍, അസുഖങ്ങള്‍, മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുപോലും തയ്യാറായില്ല. നജയുടെ ആരോഗ്യാവസ്ഥ വളരെ മോശമായി. അതുവരെ അടക്കിനിറുത്തിയ പ്രതിഷേധങ്ങളാണ് അപ്പോള്‍ പുറത്ത് ചാടിയതെന്ന് ബന്ധുക്കള്‍ പറയുന്നു. . കുഞ്ഞും നഷ്ടപ്പെട്ടു,? പിന്നാലെ അമ്മയും പോകുമെന്ന അവസ്ഥയായപ്പോഴാണ് തങ്ങള്‍ പ്രതികരിച്ചുപോയതെന്നാണു ഇവര്‍ പറയുന്നത്.
ആശുപത്രി അക്രമത്തില്‍ നജയുടെ ഭര്‍ത്താവിന്റെ സഹോദരനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം പോലും കിട്ടിയിട്ടില്ല. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകളാണു ഈ നീതി നിഷേധത്തിന് പിന്നിലെന്നാണു സൂചന. പോലീസിനുമേല്‍ വന്‍ സമ്മര്‍ദമുള്ളതായും പറയുന്നു. എന്നാല്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ക്ക് അവകാശപ്പെട്ട സ്വാഭാവികനീതി തങ്ങള്‍ക്കും അവകാശപ്പെട്ടതല്ലേയെന്നാണ് കുഞ്ഞിന്റെ ബന്ധുക്കളുടെ ചോദ്യം.