എം.ഡി.എം.എ യുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

Crime Local News

മഞ്ചേരി : മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം ഡി എം എ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25 ) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍ , ആലിന്‍ ചുവട് എന്നിവിടങ്ങളില്‍ ഇരു ചക്രവാഹനങ്ങളുടെ വര്‍ക് ഷോപ്പ് നടത്തുന്ന ഇയാള്‍ റിപ്പയറിംഗിനായി എത്തുന്ന വിവിധ വാഹനങ്ങളാണ് ലഹരി കടത്തിന് ഉപയോഗിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ആഴ്ചയില്‍ ഒരു തവണയെങ്കിലും പ്രതി എം ഡി എം എ കടത്തിക്കൊണ്ടുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 15,000 രൂപയോളം വില വരുന്ന എം ഡി എം എ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എസ്‌ ഐ വിപിന്‍ വി പിള്ളയും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.