ഭീമന്‍ കുമ്പളം കാടാമ്പുഴഭഗവതിക്ക് കാണിക്കയായി സമര്‍പ്പിച്ചു.കാടാമ്പുഴ ഭഗവതിക്ഷേത്രത്തില്‍26കിലോ തൂക്കംവരുന്ന കുമ്പളം

Local News

മലപ്പുറം: ഭീമന്‍ കുമ്പളം ക്ഷേത്രത്തിലേക്ക് കാണിക്കയായി നല്‍കി കര്‍ഷകന്‍. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്കാണു 26 കിലോയോളം തൂക്കം വരുന്ന ഭീമന്‍ കുമ്പളം കര്‍ഷകനായ പാലക്കാട് മാത്തൂര്‍ സ്വദേശി രാജേഷ് കണിക്കയായി സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം ഭീമന്‍ കുമ്പളം കൗതുകമായി മാറിയിട്ടുണ്ട്.
ക്ഷേത്രത്തിലെക്കു വാഴക്കുലകളും, ചിരങ്ങ, ചേന തുടങ്ങിയവയും ചെറിയ കുമ്പളവും ലഭിക്കാറുണ്ടെങ്കിലും ആദ്യമായാണു ഇത്രവലിയൊരു കുമ്പളം ലഭിക്കുന്നതെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
സാധാരണ ലഭിക്കുന്ന ഒരു കുമ്പളം ശരാശരി അഞ്ചു മുതല്‍ ആറുവരെ തൂക്കം മാത്രമാണ് ഉണ്ടായിരിക്കുക. എന്നാല്‍ ഇവയ്ക്ക് വിപരീതമായി കൊണ്ടാണ് തന്റെ വീട്ടിലെ കൃഷിയിടത്തില്‍ ഭീമന്‍ കുമ്പളം ഉണ്ടായതെന്ന് രാജേഷും പറയുന്നു. തുടര്‍ന്ന് കുമ്പളത്തിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെപ്രചരിച്ചതോടെ കുമ്പളം കാണാന്‍ ക്ഷേത്രാങ്കണത്തില്‍ നിരവധി പേരാണ് എത്തുന്നത്.

ഇതിനു മുമ്പ് ചെറുതും വലുതുമായ നിരവധി കുമ്പളങ്ങള്‍ വിവിധ കൃഷിയിടങ്ങളിലും കടകളിലുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു കുമ്പളം ആദ്യമായിട്ടാണ് കാണുന്നതെന്ന് ഭീമന്‍ കുമ്പളം കണ്ടവര്‍ പറയുന്നു.താന്‍ കൃഷി ചെയ്ത് ഉണ്ടാക്കിയ കുമ്പളം ഇത്തരത്തില്‍ ക്ഷേത്രത്തിലേക്ക് നല്‍കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പാലക്കാട് സ്വദേശിയായ രാജേഷ് പറഞ്ഞു.

നാളെ ക്ഷേത്രത്തില്‍ നടക്കുന്ന അന്നദാനച്ചടങ്ങില്‍ ഈ കുമ്പളം കറിവെച്ചുനല്‍കാനാണു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. വിശേഷ ദിവസങ്ങളില്‍ രണ്ടായിരത്തോളംപേര്‍ക്കു ഇവിടെ അന്നദാനം നല്‍കാറുണ്ട്. കാണിക്കയായി കായക്കുലുകളാണു ഇവിടെ അധികം ലഭിക്കാറുള്ളത്. വിശ്വാസികളായ കൃഷിക്കാരില്‍ പലരും അവരുടെ വിളവെടുപ്പു നടക്കുമ്പോള്‍ അതിലെ ഏറ്റവും മികച്ച ഒന്നു കാണിയ്ക്കയായി നല്‍കാറുണ്ട്.
കലവറ നിറയ്ക്കല്‍ ചടങ്ങ് നടക്കുമ്പോഴാണു വലിയ രീതിലുള്ള പച്ചക്കറി, പഴവര്‍ഗങ്ങള്‍ ഭക്തര്‍ ക്ഷേത്രത്തിനു സമര്‍പ്പിക്കാറുള്ളത്. ഇവയെല്ലാം അന്നദാന ചടങ്ങിനു ഉപയോഗിക്കുകയും ചെയ്യും.