പെരിന്തല്‍മണ്ണയിലെ ലേഡീസ് ബ്യൂട്ടിക്കിലും സമീപത്തെ ഹോട്ടലിലും മോഷണം.

Crime Local News

മലപ്പുറം പെരിന്തല്‍മണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ ലേഡീസ് ബ്യൂട്ടിക്കിലും സമീപത്തെ ഹോട്ടലിലും മോഷണം.ലേഡീസ് ബ്യൂട്ടിക്കില്‍ നിന്നു വിലയേറിയ അഞ്ചു ചുരിദാര്‍ ബിറ്റുകളാണ് കവര്‍ന്നത്. കടയില്‍ പണം സൂക്ഷിച്ചിരുന്നില്ലെന്ന് ഉടമ കക്കൂത്ത് സ്വദേശി സിന്‍സാര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 3.15നാണ് ബൈപ്പാസ് റോഡിലെ ബ്രദേഴ്സ് ഹോട്ടലില്‍ മോഷ്ടാവ് കയറിയത്. ഷട്ടറില്ലാത്ത ഹോട്ടലിന്റെ മുന്‍ഭാഗത്തെ ചില്ല് വാതിലിന്റെ പൂട്ടു തകര്‍ത്താണ് അകത്ത് കടന്നത്. ശ്രമത്തിനിടെ വാതിലിന്റെ ഭാഗവും തകര്‍ന്നു. കാഷ് കൗണ്ടറില്‍ പണം തെരഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. രാത്രി പന്ത്രണ്ടിനാണ് ഹോട്ടല്‍ അടച്ചത്.
ഇതിന്റെ തുടര്‍ച്ചയായി 3.45ഓടെയാണ് ലേഡീസ് ബ്യൂട്ടിക്കില്‍ മോ്ഷ്ടാവ് കയറിയത്. ഷട്ടറിന്റെ പൂട്ടിടാത്ത ഭാഗം
കല്ല് വച്ച് ഉയര്‍ത്തിയുണ്ടാക്കിയ വിടവിലൂടെയാണ് അകത്ത് കയറിയത്. പണം തെരഞ്ഞെങ്കിലും കിട്ടാതെ വന്നതോടെയാണ് വില കൂടിയ ചുരിദാറുകള്‍ സൂക്ഷിച്ച ഭാഗത്തെത്തിയത്. ടോര്‍ച്ച് തെളിയിച്ച് വിലയും ഭംഗിയും നോക്കി എടുക്കുന്നതായാണ് നിരീക്ഷണ കാമറ ദൃശ്യങ്ങളിലുള്ളത്. ഉടമയുടെ പരാതിയില്‍ പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.