വിൽപ്പനക്കായി സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി.

Crime Local News

മലപ്പുറം: എടക്കരയില്‍ വന്‍ ലഹരിമരുന്ന് വേട്ട: വില്‍പ്പനക്കായി സൂക്ഷിച്ച പത്ത് ലക്ഷത്തോളം വിലവരുന്ന ഹാന്‍സ് ശേഖരം പോലീസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍. എടക്കര പോലിസ് സ്റ്റേന്‍ പരിധിയിലെ കാരപ്പുറം പനമ്പറ്റയിലെ ഗോഡൗണില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 27 ചാക്ക് ഹാന്‍സ് ശേഖരമാണ് എടക്കര പോലീസും നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പോത്തുകല്‍ കുനിപ്പാല സ്വദേശികളായ കോട്ടങ്ങാടില്‍ അബ്ദുള്‍ സലാം (42), നരിമടക്കല്‍ കമാലുദ്ദീന്‍ (35), കുണ്ടലടി മുസ്തഫ(37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെ കാരപ്പുറം പനമ്പറ്റയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എടക്കര സി.ഐ എന്‍.ബി ഷൈജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പനമ്പറ്റയിലെ ഗോഡൗണില്‍ റെയ്ഡ് നടത്തിയത്. സലാമും, കമാലുദ്ദീനും ചേര്‍ന്ന് കാരപ്പുറത്തു നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണായി ഉപയോഗിച്ചിരുന്ന വാടകകെട്ടിടത്തിലാണ് 27 ചാക്കുകളിലായി ഹാന്‍സ് സൂക്ഷിച്ചിരുന്നത്.

പിടിച്ചെടുത്ത ഹാന്‍സിന് വിപണിയില്‍ 10 ലക്ഷം രൂപയോളം വില വരും. മൈസുരുവില്‍ നിന്നാണ് ഹാന്‍സ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. എസ്.ഐ എന്‍ രവീന്ദ്രന്‍, സീനിയര്‍ സി.പി.ഒ ആഷിഖ്, സി.പി.ഒമാരായ പ്രശാന്ത്, ഷൈനി എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫും പരിശോധനക്ക് നേതൃത്വം നല്‍കി.