ബ്രൗൺ ഷുഗറുമായി ലഹരി കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിൽ

Crime News

കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർത്ഥി കൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായമ്പാടി വീട്ടിൽ ഷൈജു എന്ന പുളിക്കൽ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡിൽ തെക്കേങ്ങര വീട്ടിൽ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി കൊണ്ടോട്ടി ബസ്റ്റാന്റ പരിസരത്തു വച്ചാണ് വിപണിയിൽ അര ലക്ഷത്തോളം വിലവരുന്ന ബ്രൗൺ ഷുഗറുമായി ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ല കളിലായി നർക്കോട്ടിക്ക് കേസുകളും കൊലപാതക ശ്രമം , കൊട്ടേഷൻ, പിടിച്ചു പറി ഉൾപെടെ 20 ഓളം കേസുകൾ ഉണ്ട്. നിഷാദ് നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ്. ഇവർക്കെതിരെ കാപ്പ ചുമത്താൻ ഉൾപ്പെടെ യുള്ള നടപടികൾ ആരംഭിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് , കൊണ്ടോട്ടി ഐ പി മനോജ്, എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ആണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.