കണിയാപുരത്ത് മദ്യപ സംഘം യുവാവിനെ മര്‍ദിച്ച സംഭവം; പൊലീസ് നീതി നിഷേധിച്ചെന്ന് അനസ്

Crime Keralam News

തിരുവനന്തപുരം : കണിയാപുരത്ത് മദ്യപസംഘം ക്രൂരമായി മര്‍ദിച്ച കേസില്‍ പൊലീസ് നീതി നിഷേധിച്ചെന്ന് മര്‍ദനമേറ്റ അനസിന്റെ ആരോപണം. പ്രതി ഫൈസലിനെ സംരക്ഷിക്കാനാണ് മംഗലപുരം പൊലീസ് നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്ന് അനസ് ആരോപിച്ചു.

ഞായറാഴ്ച വൈകിട്ടാണ് നിരവധി കേസുകളില്‍ പ്രതിയായ കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസലും സംഘവും, അനസും സുഹുത്തും ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി മർദിച്ചത്.
മര്‍ദനമേറ്റ അനസിന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു.

ക്രൂരമായി മര്‍ദിച്ചിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലെന്നാണ് അനസ് ഉന്നയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പൊലീസ് തയാറായില്ലെന്നും അനസ് ആരോപിച്ചു.തനിക്ക് നീതി ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കാനാണ് അനസിന്റെ തീരുമാനം.