നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതി ചോദ്യം ചെയ്യലിനിടെ ആത്മഹത്യക്ക് ശ്രമിച്ച അർജുനെന്ന് പോലീസ്

Crime Keralam News

വയനാട്: നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുന്റെ അറസ്റ് പോലീസ് രേഖപ്പെടുത്തി. റിട്ട. അധ്യാപകരായ കേശവനെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായിരുന്ന നെല്ലിയമ്പം കുറുമ കോളനിയിലെ യുവാവിനെ പോലീസ് അറസ്റ് ചെയ്തത്.

ദമ്പതികളുടെ വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടെ പ്രതി കൊലപാതകം നടത്തുകയായിരുന്നെന്നാണ് സൂചന.സമീപത്തുണ്ടായിരുന്ന വീടുകളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതിനും അർജുനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചെന്നൈയിലെയും ബംഗളൂരുവിളെയും ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന അർജുൻ കോവിഡ് മൂലം പണി നഷ്ടമായതോടെയാണ് നാട്ടിലെത്തുന്നത്. നാട്ടിൽ ചെറിയ ചില കൂലി പണികൾ ചെയ്യുന്നുണ്ടായിരുന്നു.

കേസിൽ ചോദ്യം ചെയ്യുന്നതിനായി ഈ കഴിഞ്ഞ പത്താം തീയ്യതി അർജ്ജുനെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതി ഇറങ്ങി പുറത്തേക്കോടി കൈയ്യിൽ കരുതിയിരുന്ന എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും അർജ്ജുന് ചികിത്സയിലായിരുന്നു.

എന്നാൽ അർജുനല്ല കേസിലെ പ്രതിയെന്നും, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്. ജൂൺ പത്തിന് രാത്രിയായിരുന്നു ദമ്പതികൾ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ മൂന്നു മാസമായി നടക്കുന്ന അന്വേഷണത്തിൽ മുന്നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.