ഫോൺ മോഷ്ടിച്ചെന്ന തെറ്റായ ആരോപണം; അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തി പിങ്ക് പോലീസ്

Crime Keralam News

പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന്‌ ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്തു. ഐഎസ്ആര്‍ഒവിലേക്ക് യന്ത്രം കൊണ്ടുവരുന്ന വാഹനം കാണാനായി തിരുവനന്തപുരം ആറ്റിങ്ങലിലേക്ക് വന്ന തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയുമാണ് പോലീസ് തെറ്റായ ആരോപണത്തിന്റെ പേരിൽ പരസ്യമായി അപമാനിച്ചത്. പിങ്ക് പൊലീസിന്റെ കാറില്‍ വെച്ചിരുന്ന ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ ഇരുവരും ചേർന്ന് മോഷ്ടിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ ആരോപണം, എന്നാൽ വീണ്ടും പരിശോധിച്ചപ്പോൾ ഫോണ്‍ കാറിൽ നിന്നും തന്നെ ലഭിച്ചു.

അനാവശ്യമായ ആരോപണങ്ങള്‍ പറഞ്ഞ് പൊലീസ് തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്ന് ജയചന്ദ്രൻ പറഞ്ഞു. പിങ്ക് പോലീസ് കാറിനടുത്തായിരുന്നു അച്ഛനും മകളും നിന്നിരുന്നത്. ഇതിനിടെ കാറിൽ നിന്നും ഫോൺ മോഷ്ടിച്ചു എന്നായിരുന്നു ഉദ്യോഗസ്ഥ ആരോപിച്ചത്. മോഷ്ടിച്ചിട്ടില്ലെന്ന് ജയചന്ദ്രനും മകളും പറഞ്ഞത് കൂടാതെ അവർക്കടുത്ത് നിന്നവരും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ അത് കേൾക്കാൻ തയ്യാറായില്ല. മോഷ്ടിച്ചെന്ന്‌ പറഞ്ഞ് ഇരുവരെയും ഉദ്യോഗസ്ഥ വീണ്ടും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ കാറിൽ നിന്നും തന്നെ കണ്ടെത്തി.

പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കണമെന്ന് നിരവധി പേര് ആവശ്യപെടുന്നുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നൽകാൻ ഉത്തരവിടുമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും മനോജ് കുമാര്‍ അറിയിച്ചിട്ടുണ്ട്.