ജാനുവിന് കോഴ കൊടുത്ത കേസിൽ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

Crime Keralam News Politics

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സി കെ ജാനുവിന് കോഴ കൊടുത്ത കേസിൽ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ എന്നിവരുടെ പേരിലാണ് കേസെടുക്കുക. ഇരുവരുടെയും ഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാത്തതിലാണ് കേസെടുത്തിരിക്കുന്നത്.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ ഫോൺ ഹാജരാക്കണമെന്ന് ആവശ്യമുന്നയിച്ചു രണ്ട് പ്രാവശ്യം ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് തെളിവ് നശിപ്പിക്കല്‍ കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ സുരേന്ദ്രന്‍ സി കെ ജാനുവിന് കോഴ കൊടുത്തു എന്നായിരുന്നു കേസ്. നൽകിയ കോഴയുടെ ആദ്യ ഗഡു തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് കൊടുത്തതെന്നായിരുന്നു ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീത പറഞ്ഞത്. ഈ ഹോട്ടലിൽ വെച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പു നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ജാനുവിന് 25 ലക്ഷം നൽകിയ ഹോം സ്റ്റേയും പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.