ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണം; ആറുപേർ അറസ്റ്റിൽ

Crime Keralam News

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിലെ ഒരു വീട്ടിൽ കള്ളനോട്ട് നിർമാണം കണ്ടെത്തി പൊലീസ്. കള്ളനോട്ട് നിര്‍മിക്കാനുള്ള യന്ത്രങ്ങള്‍ അടക്കം ഇതിനായി ഉപയോഗിക്കുന്ന വിപുലമായ സംവിധാനങ്ങള്‍ സ്ഥലത്ത് നിന്നും പൊലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന ഇപ്പോഴും വീട്ടിൽ തുടരുകയാണ്. നോട്ടു നിർമ്മാണ സംഘത്തിലെ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഈ സംഘത്തിന് പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലുള്ളവരായി ബന്ധമുള്ളതായി തോന്നുന്നുണ്ടെന്നും സീരിയൽ നിർമ്മാണമെന്ന് കള്ളം പറഞ്ഞാണ് ഈ വീട് വാടകയ്‌ക്കെടുത്തു കുറ്റകൃത്യം നടത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനങ്ങൾ. കഴിഞ്ഞ ഒൻപതു മാസമായി ഈ വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തുന്നുണ്ടെന്നും 500 രൂപയുടെ നോട്ടുകളാണ് അച്ചടിച്ചിരുന്നതുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ ഒരു കച്ചവടക്കാരന് കള്ളനോട്ട് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേക്ഷണത്തിലാണ് സംഘത്തിന്റെ കേന്ദ്രം കണ്ടെത്തിയത്.