സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

Keralam News

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യതയെന്നും ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റും ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ കൊമാരിൻ ഭാഗത്ത് നിന്നുള്ള ഈർപ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ തെക്കൻ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം.