ലഹരി നാടിനെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍; ഒന്നിച്ച് ചെറുക്കണം: ജസ്റ്റിസ് ബി. കെമാല്‍പാഷ

Breaking Health Local News

പരപ്പനങ്ങാടി: നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറായ ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിക്കണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. ‘എന്റെ നാട് ലഹരിമുക്തനാട്’ എന്ന സന്ദേശവുമായി പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ന്യൂകട്ട് മുതല്‍ പാലത്തിങ്ങല്‍ വരെ നടത്തിയ ലഹരിവിരുദ്ധ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ലഹരിക്ക് ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല. മനുഷ്യനെ ഭ്രാന്തനാക്കി മാറ്റുന്ന ക്രിമിനല്‍ കുറ്റമാണ് ലഹരി മാഫിയ ചെയ്യുന്നത്. പഴയ കാലത്ത് കേട്ടുകേള്‍വിപോലും ഇല്ലാതിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളായ എം.ഡി.എം.എ അടക്കമുള്ളവ ഇന്ന് നാട്ടിലെങ്ങും സുലഭമാണ്. സ്‌കൂള്‍ കുട്ടികളെപ്പോലും ലഹരിമാഫിയ കെണിയില്‍പെടുത്തുന്നു. പെണ്‍കുട്ടികള്‍പോലും അടിമപ്പെട്ട്‌പോകുന്നുണ്ട്. തലമുറയെ രക്ഷിക്കാന്‍ ലഹരി വേണ്ടെന്ന നിലപാടെടുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. നമുക്ക് പൂര്‍വ്വികര്‍ നല്‍കിയ ഭൂമി അതേപോലെ പുതിയ തലമുറക്ക് കൈമാറാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞയും കെമാല്‍പാഷ ചൊല്ലിക്കൊടുത്തു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. താപ്പി അബ്ദുല്ലക്കുട്ടിഹാജി ആധ്യക്ഷം വഹിച്ചു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍,താനൂര്‍ ഡി.വൈ.എസ്പി പി. ബെന്നി, പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ എ.ജെ ജിനേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍പിള്ള, ‘എന്റെ നാട് ലഹരിമുക്തനാട്’ ജനറല്‍ കണ്‍വീനര്‍ മുബഷീര്‍ കുണ്ടാണത്ത്, പി.എസ്.എച്ച് തങ്ങള്‍, ഡോ. ഹാറൂണ്‍ റഷീദ്, സി.ടി നാസര്‍, പി. സുല്‍ഫിക്കര്‍, ഷാജി സമീര്‍ പാട്ടശേരി, ലഹരി മുക്ത ഭാരതം കോ ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ പ്രസംഗിച്ചു.